കശ്മീരിന് പരമാധികാരമില്ല, അനുച്ഛേദം 370 താല്‍കാലികം മാത്രം; പ്രത്യേക പദവി റദ്ദാക്കിയത് ശരിവച്ച് സുപ്രീംകോടതി
 



ദില്ലി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത കളഞ്ഞ രാഷ്ട്രപതിയുടെ നടപടി അംഗീകരിച്ച് സുപ്രീംകോടതി. ജമ്മു കശ്മീരിന് പ്രത്യേക പരമാധികാരം ഇല്ലെന്നും 370 അനുച്ഛേദം താല്‍കാലികമായിരുന്നുവെന്നും സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വിധിച്ചു. ജമ്മു കശ്മീരിന് എത്രയും വേഗം സംസ്ഥാന പദവി തിരികെ നല്‍കി തെരഞ്ഞെടുപ്പ് നടത്താനും കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.

രണ്ട് ഉത്തരവുകളിലൂടെയാണ് രാഷ്ട്രപതി ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്. ആദ്യം 370 അനുച്ഛേദത്തില്‍ ഭേദഗതി വരുത്തി ഭരണഘടന നിര്‍മ്മാണ സഭയ്ക്ക് പകരം നിയമസഭയ്ക്ക് ശുപാര്‍ശ നല്‍കാമെന്ന് ആക്കിയിരുന്നു. ഈ മാറ്റം നിലനില്‍ക്കുന്നതല്ലെന്ന് കോടതി വിധിച്ചു. ഭേദഗതി വരുത്തിയതില്‍ അപാകതയുണ്ടെന്ന് കോടതി വ്യക്തമാക്കിയെങ്കിലും കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ ഇത് ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. പ്രത്യേക പദവി എടുത്തുകളഞ്ഞ രണ്ടാമത്തെ രാഷ്ട്രപതിയുടെ വിജ്ഞാപനം നിലനില്‍ക്കുമെന്നും കോടതി പറഞ്ഞു. ജമ്മു കശ്മീര്‍ ഇന്ത്യയോട് ചേര്‍ന്നപ്പോള്‍ പരമാധികാരവും അടിയറവ് വെച്ചിരുന്നു. മറ്റു സംസ്ഥാനങ്ങള്‍ക്കുള്ള അധികാരമേ ജമ്മു കശ്മീരിനുള്ളൂ. 370 അനുച്ഛേദം താല്‍കാലികം മാത്രമാണ്. കശ്മീരിനെ രാജ്യത്തോട് കൂട്ടിച്ചേര്‍ക്കാനുള്ള നടപടികളുടെ തുടര്‍ച്ചമാത്രമാണ് 370 അനുച്ഛേദം എടുത്ത കളഞ്ഞനീക്കമെന്നും കോടതി നിരീക്ഷിച്ചു. 

സംസ്ഥാനത്ത് നിയമസഭ ഇല്ലാത്തതിനാല്‍ രാഷ്ട്രപതിക്കും പാര്‍ലമെന്റിനും ഇക്കാര്യത്തില്‍ അധികാരമുണ്ടെന്നും കോടതി വിധിച്ചു. ജമ്മു കശ്മീരിനെ രണ്ടാക്കിയ നടപടിയും ലഡാക്കിനെ കേന്ദ്ര ഭരണ പ്രദേശമാക്കിയതും കോടതി അംഗീകരിച്ചു. ജമ്മു കശ്മീരിന് എത്രയും വേഗം പൂര്‍ണ്ണ സംസ്ഥാന പദവി നല്‍കുമെന്ന കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം പാലിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. കൂടാതെ അടുത്ത വര്‍ഷം സെപ്തംബര്‍ മുപ്പതിനകം തെരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി. കശ്മീരിന്റെ മുറിവ് ഉണക്കണമെന്നും ഇരുഭാഗത്ത് നിന്നുള്ള മനുഷ്യാവകാശലംഘനങ്ങള്‍ അന്വേഷിക്കാന്‍ കമ്മീഷനെ വെക്കണമെന്നും നിര്‍ദ്ദേശം ജസ്റ്റിസ് എസ് കെ കൗളിന്റെ വിധിയിലുണ്ട്. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media