തിരുവനന്തപുരം : പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ നഗ്‌നചിത്രം നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച 14 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ ഓപ്പറേഷന്‍ പി.ഹണ്ടെന്ന പ്രത്യേക ഓപ്പറേഷനിലാണ് പതിനാല് പേരും അറസ്റ്റിലായത്. 66 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മൊബൈല്‍ ഫോണും ലാപ് ടോപ്പും ഉള്‍പ്പെടെ 279 തൊണ്ടി മുതലുകളും പൊലീസ് കണ്ടെത്തി. ഇന്റെര്‍പോളിന്റെ സഹകരണത്തോടെയാണ് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനായി പൊലീസ് ഓപ്പറേഷന്‍ പി.ഹണ്ട് നടത്തുന്നത്. നവമാധ്യമങ്ങള്‍ വഴി കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പരസ്പരം പങ്കുവയ്ക്കുന്നവരാണ് പിടിയിലായത്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകള്‍ കാണുകയും, പ്രചരിപ്പിക്കുകയും, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളില്‍ സൂക്ഷിക്കുകയും ചെയ്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി സൈബര്‍ ഡോം,സൈബര്‍ സെല്‍, സൈബര്‍ പോലീസ് സ്റ്റേഷന്‍, ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകള്‍ എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ കോട്ടയം ജില്ലയില്‍ നിന്ന് മാത്രം 35 മൊബൈല്‍ ഫോണുകളും, ഒരു ലാപ് ടോപ്പും, മറ്റ് അനുബന്ധ ഉപകരണങ്ങളും പിടികൂടിയെന്നാണ് റിപ്പോര്‍ട്ട്.