ദില്ലി: ക്രിമിനല്‍ നിയമം പരിഷ്‌കരിക്കുന്ന പുതിയ ബില്ലുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഐപിസി, സി ആര്‍ പി സി, ഇന്ത്യന്‍ എവിഡന്‍സ് ആക്ട് എന്നിവയ്ക്ക് പകരം ബില്ലുകളാണ് അവതരിപ്പിക്കുന്നത്. പുതിയ ബില്ലില്‍ രാജ്യദ്രോഹക്കുറ്റം പൂര്‍ണ്ണമായി റദ്ദാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. പുതിയ നിയമങ്ങളുടെ പേരിലും സവിശേഷതയുണ്ട്. ഭാരതീയ ന്യായ സംഹിത - 2023, ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിത, ഭാരതീയ സാക്ഷ്യ ബില്‍ എന്നിങ്ങനെയാണ് നിയമങ്ങള്‍ക്ക് പേരിട്ട് അവതരിപ്പിച്ചത്.
നീതി ഉറപ്പിക്കാനാണ് മാറ്റമെന്ന് അമിത് ഷാ ബില്ലിനേക്കുറിച്ച് പറഞ്ഞു. 19ാം നൂറ്റാണ്ടിലെ നിയമങ്ങള്‍ക്ക് പകരമാണ് പുതിയ നിയമം. പരിശോധന നടപടികള്‍ക്ക് വീഡിയോ ദൃശ്യങ്ങള്‍ തെളിവായി ശേഖരിക്കും. കോടതികളില്‍ വേഗത്തില്‍ കേസുകള്‍ തീര്‍പ്പാക്കാന്‍ നിയമം സഹായിക്കും. പരാതിക്കാരന് 90 ദിവസത്തിനുള്ളില്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് കിട്ടും. ബില്ലുകള്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മറ്റിക്ക് വിടുമെന്ന് ഷാ വിശദമാക്കി. പുതിയ ബില്ലിന്റെ സെക്ഷന്‍ 150 ല്‍ രാജ്യത്തിനെതിരായ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും പറയുന്നുണ്ട്.
ഐപിസി, സിആര്‍പിസി, എവിഡന്‍സ് ആക്ട് 1872 എന്നിവയില്‍ മാറ്റം വരുത്താനായി 2020 മാര്‍ച്ചിലാണ് ക്രിമിനല്‍ നിയമ പരിഷ്‌കരണ കമ്മിറ്റി രൂപീകരിച്ചിരുന്നു. ദില്ലിയിലെ ദേശീയ നിയമ സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ ആയ ഡോ റണ്‍ബീര്‍ സിംഗിന്റെ നേതൃത്വത്തിലാണ് കമ്മിറ്റി രൂപീകരിച്ചത്. നിയമ അധ്യാപകരും മുതിര്‍ന്ന അഭിഭാഷകരും മുതിര്‍ന്ന ജഡ്ജുമാരും അടങ്ങുന്നതായിരുന്നു കമ്മിറ്റി. ഫെബ്രുവരി 2022ലാണ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഏപ്രില്‍ 2022ലാണ് നിയമ മന്ത്രാലയം സര്‍ക്കാര്‍ ഇത്തരത്തില്‍ നിയമ പരിഷ്‌കരണത്തിനൊരുങ്ങുന്നതായി രാജ്യ സഭയെ അറിയിച്ചത്.