കൊവിഡിനെതിരെ പോരാടാന്‍ സര്‍ക്കാരിന് പിന്തുണ നല്‍കും; വെല്ലുവിളികള്‍ നിറഞ്ഞ ചുമതലയെന്ന് വി. ഡി സതീശന്‍
കൊവിഡ് മഹാമാരിയില്‍ പോരാടാന്‍ സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് വി.ഡി സതീശന്‍. ഏല്‍പ്പിച്ചിരിക്കുന്നത് വെല്ലുവിളികള്‍ നിറഞ്ഞ ചുമതലയാണെന്നും ജനങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ പ്രവര്‍ത്തിക്കുമെന്നും വി.ഡി സതീശന്‍ പ്രതികരിച്ചു.
ബാധ്യത്തോടുകൂടി കേരളത്തിലെ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും ഐതിഹാസികമായ തിരിച്ചുവരിവിലേക്ക് നയിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തോടെ പ്രതിപക്ഷ നേതാവ് പദവി ഏറ്റെടുക്കുകയാണ്.
ഇതൊരു പുഷ്പകിരീടമല്ല എന്ന് ബോധ്യമുണ്ട്. ജനങ്ങളുടെയും പ്രവര്‍ത്തകരുടെയും ആഗ്രഹം പോലെ യുഡിഎഫിനെയും കോണ്‍ഗ്രസിനെയും തിരിച്ചുകൊണ്ടുവരാന്‍ ഘടകകക്ഷികളുടെയും പ്രവര്‍ത്തകരുടെയും പിന്തുണയോടെ പ്രവര്‍ത്തിക്കും. എല്ലാ തലങ്ങളിലുമുള്ള നേതാക്കളെ കൂട്ടിയോജിപ്പിച്ച് ഏകോപിപ്പിച്ച് ഒറ്റക്കെട്ടായി മുന്നോട്ടുപോകും. വര്‍ഗീയതക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തും.
പ്രതിപക്ഷമെന്ന നിലയില്‍ പരമ്പരാഗത സമീപനങ്ങളില്‍ ചില മാറ്റമുണ്ടാകണം. അത് സഹപ്രവര്‍ത്തകരുമായി ആലോചിച്ച് തീരുമാനിക്കും. കാലം മാറുന്നതിനനുസരിച്ച് മാറ്റമുണ്ടാകണം. സമൂഹം ആഗ്രഹിക്കുന്ന രീതിയില്‍ മാറ്റമുണ്ടാകുമെന്ന് ഉറപ്പ് നല്‍കുകയാണ്. ജനങ്ങള്‍ അധികാരത്തിലേറ്റിയ സര്‍ക്കാരിനെ ഭരിക്കാന്‍ അനുവദിക്കാതിരിക്കുകയോ വെല്ലുവിളിക്കുകയോ ചെയ്യുകയല്ല പ്രതിപക്ഷത്തിന്റെ ജോലി. ഈ മഹാമാരിയുടെ കാലത്ത് ഞങ്ങള്‍ സര്‍ക്കാരിനൊപ്പമുണ്ടാകും. സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന പ്രോട്ടോക്കോള്‍ പൂര്‍ണമായി നടപ്പിലാക്കുന്നതിന് യുഡിഎഫ് പരിശ്രമിക്കും. കൊവിഡില്‍ നിന്ന് കേരളത്തെ രക്ഷിക്കാനുള്ള ,സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് യുഡിഎഫ് നിരുപാധികമായി എല്ലാ പിന്തുണയും നല്‍കുമെന്ന് ഉറപ്പ് നല്‍കുന്നു. ഈ വിഷമഘട്ടത്തില്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ശ്രമത്തിലാണ് ജനങ്ങള്‍. അതിനിടയില്‍ രാഷ്ട്രീയ സംഘര്‍ഷത്തിനല്ല പോകേണ്ടത്. അവരെ ഏത് രീതിയില്‍ സഹായിക്കാന്‍ കഴിയുമെന്ന് സര്‍ക്കാരിനൊപ്പം നിന്ന് ആലോചിക്കുകയാണ് വേണ്ടത്.
പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലടിക്കുന്നത് പോലെ തമ്മിലടിക്കാതെ ജനങ്ങള്‍ക്കൊപ്പം നിലകൊള്ളുന്നു എന്ന് അവര്‍ക്ക് വിശ്വാസം വരണം. അതിനുള്ള നടപടിയായിരിക്കും യുഡിഎഫിന്റെ ഭാഗത്ത് നിന്ന് ആദ്യമായി ഉണ്ടാകുക. സര്‍ക്കാര്‍ ചെയ്യുന്ന എല്ലാ നല്ല കാര്യങ്ങളെയും ആത്മാര്‍ത്ഥമായി പിന്തുണയ്ക്കും. തെറ്റായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അത് ചൂണ്ടിക്കാണിക്കും. അത് പ്രതിപക്ഷത്തിന്റ ധര്‍മമാണ്. ഏല്‍പ്പിച്ച കര്‍ത്തവ്യം ഭംഗിയായി നടപ്പിലാക്കാന്‍ പരിശ്രമിക്കും'. വി.ഡി സതീശന്‍ വ്യക്തമാക്കി.