കേരളത്തിന്റേത് തടസ മനോഭാവം; മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രിംകോടതിയില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ച് തമിഴ്നാട്
ബേബി ഡാമിലെ മരംമുറിക്കാനുള്ള അനുമതി റദ്ദാക്കിയതിനെതിരെ തമിഴ്നാട് സുപ്രിംകോടതിയില്‍. മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് തമിഴ്നാടിന്റെ കുറ്റപ്പെടുത്തല്‍.
കേരളത്തിന്റേത് തടസ മനോഭാവമാണെന്നാണ് തമിഴ്നാടിന്റെ കുറ്റപ്പെടുത്തല്‍. കേരളത്തിന്റെ ലക്ഷ്യം സുരക്ഷയേയും ഉചിത പരിപാലനത്തേയും തടസപ്പെടുത്തുക എന്നതാണെന്നും തമിഴ്നാട് ആരോപിച്ചു. ബേബി ഡാമിലെ മരം മുറിക്കാനുള്ള അനുമതി റദ്ദാക്കിയത് ഉദാഹരണമാണെന്ന് തമിഴ്നാട് ചൂണ്ടിക്കാട്ടി. കേരളത്തിന്റെ താത്പര്യം സുരക്ഷയല്ല എന്നതാണ് നടപടികള്‍ വ്യക്തമാക്കുന്നതെന്നും തമിഴ്നാട് സത്യവാങ്മൂലത്തില്‍ പറയുന്നു. കേരളം ഹാജരാക്കിയത് വ്യാജ യുഎന്‍ റിപ്പോര്‍ട്ടാണെന്നും തമിഴ്നാട് ആരോപിച്ചു.
അതേസമയം, മുല്ലപ്പെരിയാര്‍ കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. തമിഴ്നാട് തയാറാക്കിയ റൂള്‍ കര്‍വ്വ് പുനഃപരിശോധിക്കണമെന്നാകും കേരളം ആവശ്യപ്പെടുക. പുതിയ അണകെട്ട് ആണ് നിലവിലെ പ്രശ്നത്തിന് ശാശ്വത പരിഹാരം എന്ന് നേരത്തെ സത്യവാങ്മൂലത്തിലൂടെ കേരളം സുപ്രിംകോടതിയെ അറിയിച്ചിരുന്നു. കര്‍വ് തിരുത്തണം എന്ന കേരളത്തിന്റെ ആവശ്യത്തെ തമിഴ്നാട് എതിര്‍ക്കും എന്ന് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.
തമിഴ്നാട് തയാറാക്കിയ റൂള്‍ കര്‍വ് നവംബര്‍ 30 ന് ജലനിരപ്പ് 142 അടിയായി ഉയര്‍ത്താം എന്ന് നിര്‍ദേശിക്കുന്നുണ്ട്. ഈ റൂള്‍ കര്‍വാണ് ജല കമ്മീഷന്‍ അംഗീകരിച്ചത്. ജലകമ്മീഷന്റെ നടപടി ശാസ്ത്രിയമോ യുക്തിസഹജമോ അല്ല എന്നാണ് കേരളത്തിന്റെ വാദം. നവംബര്‍ അവസാനം അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി കുറയ്ക്കണം എന്ന് കേരളം ആവശ്യപ്പെടും. മുല്ലപ്പെരിയാര്‍ ഡാം ഉണ്ടാക്കുന്ന സുരക്ഷാ പ്രശ്നങ്ങളും ഭീതിയും 5 ജില്ലകളിലെ ജനജീവിതത്തെ പ്രതികൂലമായി നേരിട്ട് ബാധിക്കുന്നു എന്ന വസ്തുത സുപ്രിംകോടതിയെ ബോധിപ്പിക്കുകയാണ് കേരളത്തിന്റെ ലക്ഷ്യം. പെരിയാറിലെ മറ്റ് അണക്കെട്ടുകള്‍ക്കായി കേന്ദ്ര ജല കമ്മീഷന്‍ റൂള്‍ കര്‍വ് തയാറാക്കിയിരുന്നു.ഇത് പ്രകാരം വര്‍ഷിത്തില്‍ ഒരു തവണ മാത്രമാണ് പരമാവധി ജലനിരപ്പില്‍ വെള്ളം സംഭരിക്കാന്‍ അനുവദിച്ചിട്ടുള്ളത്. ഇക്കാര്യം കേരളം സുപ്രിം കോടതിയില്‍ ഉന്നയിക്കും. 126 വര്‍ഷം കാലപഴക്കമുള്ളതാണ് മുല്ലപ്പെരിയാര്‍ അണകെട്ട്. സുരക്ഷാ ഭീഷണി പരിഹരിക്കാനുള്ള ഏക പോംവഴി പുതിയ അണകെട്ട് ആണെന്നും കേരളം വ്യക്തമാക്കും. ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബഞ്ച് ഇന്ന് ഉച്ചയ്ക്ക് മുല്ലപ്പെരിയാര്‍ കേസ് പരിഗണിക്കും.