ദില്ലി: ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌കിന്റെ ഇന്ത്യാ സന്ദര്‍ശനം മാറ്റിവച്ചു. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്ന ഇലോണ്‍ മസ്‌ക്, ചില തിരക്കുകള്‍ കാരണം സന്ദര്‍ശനം മാറ്റി എന്നാണ് അറിയിച്ചത്.
ഇലോണ്‍ മസ്‌കിന്റെ ഇന്ത്യാ സന്ദര്‍ശനത്തെ കുറിച്ച് വാര്‍ത്താ ഏജന്‍സിക്ക് കഴിഞ്ഞ ദിവസം നല്‍കിയ അഭിമുഖത്തില്‍ നരേന്ദ്ര മോദി പരാമര്‍ശിച്ചിരുന്നു. ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിനു മുന്നോടിയായിട്ടാണ് മസ്‌ക് സന്ദര്‍ശനം നിശ്ചിയിച്ചിരുന്നത്. 300 കോടി ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മോദിയുടെ യുഎസ് സന്ദര്‍ശന വേളയില്‍ ഇതുസംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ നടന്നു. കേന്ദ്രം പുതിയ വൈദ്യുത വാഹന നയത്തിന് അംഗീകാരം നല്‍കിയതിനു പിന്നാലെയാണ് മസ്‌കിന്റെ ഇന്ത്യാ സന്ദര്‍ശനം വാര്‍ത്തയായത്.
ടെസ്‌ലയുമായി ബന്ധപ്പെട്ട തിരക്കുകള്‍ കാരണം സന്ദര്‍ശനം മാറ്റുന്നു എന്നാണ് മസ്‌ക് വ്യക്തമാക്കുന്നത്. ഈ വര്‍ഷം തന്നെ ഇന്ത്യയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷയെന്നും മസ്‌ക് ഏക്‌സില്‍ കുറിച്ചു. മസ്‌കിന്റെ വരവ് റദ്ദാക്കിയത് വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. പൊതു തെരഞ്ഞെടുപ്പിനിടെ മസ്‌ക് മോദിയെ കാണുന്നത് ബിജെപി അധികാരത്തില്‍ തിരികെ എത്തും എന്ന വ്യവസായികളുടെ വിലയിരുത്തലിന്റെ തെളിവായാണ് പാര്‍ട്ടി നേതാക്കള്‍ അവതരിപ്പിച്ചത്. തെരഞ്ഞെടുപ്പ് കഴിയും വരെ മസ്‌ക് കാത്തിരിക്കുന്നതാവാം എന്നതാണ് വിലയിരുത്തല്‍.