ജീവനക്കാര്‍ക്കായി സഞ്ചരിക്കുന്ന മെഡിക്കല്‍ 
ക്ലിനിക്ക് സജ്ജമാക്കി കെഎസ്ആര്‍ടിസി


തിരുവനന്തപുരം:  ജീവനക്കാരുടെ ആരോഗ്യ പരിചരണത്തിനായി സഞ്ചരിക്കുന്ന മെഡിക്കല്‍ ക്ലിനിക്ക് സജ്ജമാക്കി കെഎസ്ആര്‍ടിസി. കഠിനമായ ജോലി സാഹചര്യങ്ങള്‍ക്കിടയിലുള്ള ജീവനക്കാര്‍ക്ക് പരമാവധി മൂന്ന് മാസത്തിലൊരിക്കലെങ്കിലുംആരോഗ്യ പരിശോധന സൗജന്യമായി ലഭ്യമാക്കുന്ന തരത്തിലാണ് പദ്ധതി. മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിന്റെ ഫ്‌ളാഗ്ഓഫ് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ തിരുവനന്തപുരത്ത് നിര്‍വഹിച്ചു.

കെഎസ്ആടിസിയില്‍ വിവിധആരോഗ്യ പ്രശ്നങ്ങളാല്‍ ആഴ്ചയില്‍ ഒരു ജീവനക്കാരന്‍ എന്ന നിലയില്‍ മരണപ്പെടുന്ന സാഹചര്യത്തിലാണ് സിഎംഡി ബിജു പ്രഭാകര്‍, ജീവനക്കാരുടെ ആരോഗ്യ പരിപാലനത്തിനായി പദ്ധതി ആവിഷ്‌കരിച്ചത്. ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ഫാമിലി പ്ലാനിംഗ് പ്രൊമോഷന്‍ ട്രസ്റ്റുമായി ചേര്‍ന്നാണ് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് പുറത്തിറക്കിയത്. പൂര്‍ണമായും പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്ക്ഷോപ്പില്‍ കെഎസ്ആര്‍ടിസി തന്നെയാണ് ബസിനെ രൂപമാറ്റം വരുത്തി മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് നിര്‍മിച്ചത്. ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ലഭ്യമാകുന്നതിലധികം സൗകര്യങ്ങള്‍ ഉള്ള മൊബൈല്‍ ക്ലിനിക്കില്‍ ഡോക്ടര്‍, നഴ്സ്, ലാബ് ടെക്നിഷ്യന്‍ എന്നിവരുണ്ടാകും. 30 ലധികം പരിശോധനകള്‍ക്കുള്ള സംവിധാനവുമുണ്ടാകും.

പരിശോധനകളില്‍ ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്തിയാല്‍ വിദഗ്ധ ചികിത്സയ്ക്ക് റഫര്‍ ചെയ്യും. സംസ്ഥാനത്ത് കെഎസ്ആര്‍ടിസിക്ക് കൂടുതല്‍ ഡിപ്പോകളും ജീവനക്കാരുമുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിന്റെ സേവനം ആദ്യഘട്ടത്തില്‍ ലഭ്യമാക്കുക.മറ്റ് ജില്ലകളിലും പദ്ധതി വ്യാപിപ്പിക്കുന്നതിനായി ഹിന്ദുസ്ഥാന്‍ ലാറ്റക്സിനെ തന്നെ നിയോഗിക്കും.ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ ഫ്ളാഗ് ഓഫ് ചെയ്ത ആദ്യ ദിവസം തന്നെ ജീവനക്കാരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സമാന മാതൃകയില്‍ രണ്ട് മൊബൈല്‍ യൂണിറ്റ് നിര്‍മിച്ച് നല്‍കാന്‍ കേരള പൊലീസും കെഎസ്ആര്‍ടിസിയോട് ആവശ്യപ്പെട്ടു കഴിഞ്ഞു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media