ദില്ലി: ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതി ഇന്ന് പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനായി ഇന്ന് വൈകിട്ട് 3.30-ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാധ്യമങ്ങളെ കാണും. ഇതു സംബന്ധിച്ച് അറിയിപ്പ് പുറത്തു വന്നു. ഒമിക്രോണ്‍ വ്യാപനം ശക്തമാവുകയും കൊവിഡ് മൂന്നാം തരംഗത്തില്‍ രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ ഒരു ലക്ഷം പിന്നിടുകയും ചെയ്ത സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നത്. കൊവിഡ് വ്യാപനം കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് നീട്ടിവച്ചേക്കുമെന്ന് അഭ്യൂഹം ഉണ്ടായെങ്കിലും സമയബന്ധിതമായി തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ട് പോവുകയാണ്. കര്‍ശനമായ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ടാവും ഇക്കുറി തെരഞ്ഞെടുപ്പ് പ്രചാരണം. ഇക്കാര്യത്തില്‍ വ്യക്തമായ മാര്‍ഗനിര്‍ദേശം കമ്മീഷന്‍ നല്‍കും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഉത്തര്‍പ്രദേശിലെ 403 സീറ്റുകളിലേക്കും പഞ്ചാബിലെ 117 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഉത്തര്‍പ്രദേശില്‍ ഇതിനോടകം തന്നെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രി മോദിയാണ് യുപിയില്‍ ഭരണകക്ഷിയായ ബിജെപിയുടെ പ്രചാരണം നയിക്കുന്നത്. ബിജെപിക്കൊപ്പം തന്നെ അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ എസ്.പിയും പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസും രംഗത്തുണ്ട്.
കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, ശിരോമണി അകാലിദള്‍, ബിജെപി എന്നീ പാര്‍ട്ടികളാണ് പഞ്ചാബിലെ പോരാട്ടത്തില്‍ മുഖാമുഖം വരുന്നത്. ഇതോടൊപ്പം ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ പുതിയ പാര്‍ട്ടിയായ പഞ്ചാബ് ലോക് കോണ്‍ഗ്രസിന്റെ പ്രകടനവും നിര്‍ണായകമാവും. കര്‍ഷകസമരം വലിയ തരംഗം സൃഷ്ടിച്ച പഞ്ചാബില്‍ അവരുടെ വോട്ടുകള്‍ ആര്‍ക്കൊപ്പം പോകും എന്നതും കണ്ടറിയണം. ഗോവയില്‍ ഭരണകക്ഷിയായ ബിജെപി അധികാരതുടര്‍ച്ചയ്ക്കായി കളത്തിലിറങ്ങുമ്പോള്‍ മറുവശത്ത് പ്രധാന എതിരാളി കോണ്‍ഗ്രസോ അതോ തൃണമൂലോ എന്നതിലാണ് ചര്‍ച്ച. ഉത്തരാഖണ്ഡിലും ബിജെപിയാണ് നിലവില്‍ അധികാരത്തില്‍. മണിപ്പൂരില്‍ ബിജെപി അടങ്ങിയ മുന്നണിയാണ് ഭരിക്കുന്നത്.