ദില്ലി: ബ്രിട്ടണ്‍ പൊതു തെരഞ്ഞെടുപ്പില്‍ 14 വര്‍ഷത്തെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ഭരണത്തെ താഴെയിറക്കി ലേബര്‍ പാര്‍ട്ടി അധികാരത്തില്‍. 650 സീറ്റുകളില്‍ ലേബര്‍ പാര്‍ട്ടി 370 സീറ്റുകളില്‍ ലേബര്‍ പാര്‍ട്ടി വിജയിച്ചു. 181 സീറ്റുകളാണ് ലേബര്‍ പാര്‍ട്ടി അധികമായി നേടിയത്. ഋഷി സുനകിന്റെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്ക് 90 സീറ്റുകളില്‍ ഒതുങ്ങി. ലിബറല്‍ ഡെമോക്രാറ്റുകള്‍ 51 സീറ്റുകളിലും സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി 6 സീറ്റുകളിലും സിന്‍ ഫെയിന്‍ 6 സീറ്റുകളിലും മറ്റുള്ളവര്‍ 21 സീറ്റുകളിലും വിജയിച്ചു.
ഭരണ കാലാവധി പൂര്‍ത്തിയാകും മുമ്പ് നടത്തിയ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജനും പ്രധാനമന്ത്രിയുമായ ഋഷി സുനക് കനത്ത തിരിച്ചടി നേരിട്ടു. സര്‍ക്കാരിന് 2025 ജനുവരി വരെ കാലാവധിയുണ്ടായിരുന്നെങ്കിലും സുനക് അപ്രതീക്ഷിതമായി ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു.
ജനങ്ങള്‍ മാറ്റത്തിനായി വോട്ട് ചെയ്‌തെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് കെയ്ര്‍ സ്റ്റാര്‍മര്‍ പ്രതികരിച്ചു. ഇന്നത്തെ രാത്രി ജനങ്ങള്‍ സംസാരിച്ചു. അവര്‍ മാറ്റത്തിന് സജ്ജരാണ്. മാറ്റം ഇവിടെ തുടങ്ങുകയാണെന്നും സ്റ്റാര്‍മര്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും മാപ്പ് ചോദിക്കുന്നതായും പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു.