കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ രാജി പ്രഖ്യാപിച്ചു


ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ രാജി പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷം ഗവര്‍ണറെ കണ്ട് രാജിക്കത്ത് കൈമാറുമെന്ന് യെഡിയൂരപ്പ അറിയിച്ചു. സര്‍ക്കാരിന്റെ രണ്ട് വര്‍ഷത്തെ പ്രോഗ്രസ് കാര്‍ഡ് പ്രസിദ്ധീകരിച്ച ചടങ്ങിനൊടുവില്‍ യെദിയൂരപ്പ രാജി പ്രഖ്യാപിക്കുകയുണ്ടായത്. ഇ പാര്‍ട്ടിക്കുള്ളിലുള്ള അധികാരവടംവലികള്‍ക്കും പരസ്യപ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ ഇത് നാലാം തവണയാണ് അധികാരകാലാവധി പൂര്‍ത്തിയാക്കാനാവാതെ, ബി എസ് യെദിയൂരപ്പ വിധാന്‍ സൗധയുടെ പടിയിറങ്ങുന്നത്.

''ബിജെപിക്ക് വേണ്ടി സമ്മര്‍പ്പിച്ച ജീവിതമാണ് തന്റേത്. സ്ഥാനമാനങ്ങള്‍ അല്ല, പാര്‍ട്ടിയാണ് തനിക്ക് വലുത്. വാജ്‌പേയി മുതല്‍ നരേന്ദ്രമോദി വരെയുള്ളവരുടെ ആശീര്‍വാദം ലഭിച്ച നേതാവാണ് താന്‍. പാര്‍ട്ടിയിലെ മുതിര്‍ന്ന പദവിയൊക്കെ ഇതിനകം ലഭിച്ചു. നേരിട്ടത് വലിയ അഗ്‌നിപരീക്ഷകളാണ്. സ്ഥാനമാനങ്ങള്‍ ആഗ്രഹിച്ചിട്ടില്ല'', എന്ന് യെദിയൂരപ്പ പറഞ്ഞു.

അതേസമയം, അധികാരത്തില്‍ യാതൊരു ഗ്യാരന്റിയുമില്ലെന്ന തരത്തിലുള്ള പ്രസ്താവന ഇന്നലെ യെദിയൂരപ്പ നടത്തിയിരുന്നു. ''ഇതുവരെ ഒരു സന്ദേശവും കേന്ദ്രനേതൃത്വത്തില്‍ നിന്ന് വന്നിട്ടില്ല. രാവിലെ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷ ചടങ്ങുകള്‍ വിധാന്‍ സൗധയില്‍ നടക്കും. രണ്ട് വര്‍ഷത്തെ നേട്ടങ്ങള്‍ ഞാനവതരിപ്പിക്കും. അതിന് ശേഷം, എന്ത് സംഭവിക്കുമെന്ന് നിങ്ങളോട് പറയാം'', യെദിയൂരപ്പ പറഞ്ഞു.

''അവസാനനിമിഷം വരെ ജോലി ചെയ്യാന്‍ തന്നെയാണ് എന്റെ തീരുമാനം. രണ്ട് മാസം മുമ്പ് തന്നെ, എപ്പോള്‍ വേണമെങ്കിലും രാജി വയ്ക്കാന്‍ തയ്യാറാണെന്ന് ഞാന്‍ പറഞ്ഞതാണ്. അത് തന്നെ ആവര്‍ത്തിക്കുന്നു. ഇതുവരെ കേന്ദ്രനേതൃത്വത്തില്‍ നിന്ന് എനിക്ക് സന്ദേശങ്ങളൊന്നും കിട്ടിയിട്ടില്ല. അങ്ങനെ എന്തെങ്കിലും സന്ദേശം കിട്ടിയാല്‍, തുടരാനാവശ്യപ്പെട്ടാല്‍ ഞാന്‍ തുടരും. അതല്ലെങ്കില്‍ ഞാന്‍ രാജി വച്ച്, പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കും. രാവിലെയോടെ സന്ദേശം എത്തിയേക്കും യെദിയൂരപ്പ പറഞ്ഞു.

ഈ മാസം ആദ്യവാരം ദില്ലിക്ക് പോയ യെദിയൂരപ്പ, ബിജെപി പ്രസിഡന്റ് ജെ പി നദ്ദയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മറ്റ് മുതിര്‍ന്ന നേതാക്കളെയും കണ്ടിരുന്നു. പാര്‍ട്ടിക്ക് അകത്ത് നിന്ന് തന്നെ യെദിയൂരപ്പയ്ക്ക് എതിരെ ശക്തമായ വിമര്‍ശനങ്ങളുയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു ഇത്. യെദിയൂരപ്പയല്ല, പകരം ബി വൈ വിജയേന്ദ്രയാണ് പാര്‍ട്ടിയും സര്‍ക്കാരും ഭരിക്കുന്നതെന്ന ആരോപണങ്ങള്‍ പരസ്യമായിത്തന്നെ പല നേതാക്കളും ഉന്നയിച്ചിരുന്നു. അച്ചടക്കനടപടിയുണ്ടാകുമെന്ന മുന്നറിയിപ്പ് മറികടന്നും, ഈ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെ, ബിജെപി കേന്ദ്രനേതൃത്വം ഇടപെടുകയായിരുന്നു. 

78 പിന്നിട്ട യെദിയൂരപ്പയെ മുന്‍നിര്‍ത്തി അടുത്ത തിരഞ്ഞെടുപ്പ് നേരിടാനാകില്ലെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. പുതിയ നേതാവിനെ ഉയര്‍ത്തിക്കാണിക്കണം. നിര്‍ണായക ശക്തിയായ ലിംഗായത്ത്, വൊക്കലിംഗ സമുദായങ്ങളെ ഒപ്പം നിര്‍ത്തണം. 

2019 ജൂലൈയില്‍ കോണ്‍ഗ്രസ് - ജെഡിഎസ് സഖ്യസര്‍ക്കാര്‍ താഴെ വീണതോടെ, അധികാരമേറ്റ യെദിയൂരപ്പ, രണ്ട് വര്‍ഷമായി അധികാരത്തില്‍ തുടരുകയാണ്. എംഎല്‍എയായ ബസനഗൗഡ പാട്ടീല്‍ യത്‌നാല്‍, ടൂറിസം മന്ത്രി സി പി യോഗേശ്വര്‍, എംഎല്‍സി എ എച്ച് വിശ്വനാഥ് എന്നിവര്‍ തന്നെ പരസ്യമായി നേരിട്ട് യെദിയൂരപ്പയ്ക്ക് എതിരെ പ്രസ്താവനകള്‍ നടത്തിയിരുന്നു. പാര്‍ട്ടി അച്ചടക്ക നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും നേതാക്കള്‍ പരസ്യമായി എതിര്‍പ്പുയര്‍ത്തുന്നത് തുടര്‍ന്നു. യെദിയൂരപ്പയല്ല, ബി വൈ വിജയേന്ദ്രയാണ് പാര്‍ട്ടിയും സര്‍ക്കാരും നിഴല്‍ നേതാവിനെപ്പോലെ നടത്തുന്നതെന്നും യത്‌നാല്‍ അടക്കമുള്ളവര്‍ ആരോപിക്കുന്നു. 

എന്നാല്‍ സംസ്ഥാനത്തെ 16 ശതമാനത്തോളം വരുന്ന വീരശൈവ - ലിംഗായത്ത് സമൂഹം ഒപ്പമാണ്. യെദിയൂരപ്പയെ മാറ്റിയാല്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ലിംഗായത്ത് നേതൃത്വം രംഗത്തെത്തിയിരുന്നു. പാര്‍ട്ടിക്കുള്ളില്‍ നിന്നുയരുന്ന പ്രതിഷേധങ്ങളും സമുദായനേതൃത്വങ്ങളുടെ മുന്നറിയിപ്പും ബിജെപി എങ്ങനെ കൈകാര്യം ചെയ്യുമെന്ന കാര്യം ഇനി കണ്ടറിയണം. 

അതേസമയം, സമുദായഭേദമന്യേ സൗമ്യസമീപനമുള്ള യെദിയൂരപ്പയ്ക്ക് പകരം തീവ്രനിലപാടുള്ള നേതാവിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് നേതൃത്വത്തിന്റെ നിലപാട്. കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷി, ദേശീയ ജനറല്‍ സെക്രട്ടറി സി ടി രവി, ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ, ഖനിമന്ത്രി മുരുകേഷ് നിരാനി എന്നിവരാണ് സജീവ പരിഗണനയിലുള്ളത്. യുപി മോഡല്‍ കര്‍ണാടകത്തിലും പരീക്ഷിക്കണമെന്നാണ് പാര്‍ട്ടിക്കകത്തെ വാദം, മന്ത്രിസഭയിലും പൂര്‍ണ അഴിച്ചുപണിക്കാണ് നീക്കം.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media