കോഴിക്കോട്: ഓഗസ്റ്റ് 22ന് കോഴിക്കോട് ജില്ലയിലെ മുഴുവന്‍ സ്വകാര്യ ബസുകളും വയനാട്ടിലെ ദുരിത ബാധിതര്‍ക്കായി ഫണ്ട് ശേഖരണാര്‍ത്ഥം സര്‍വ്വീസ് നടത്തുമെന്ന് കോഴിക്കോട് ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ഈ ദിനത്തില്‍ യാത്രക്കാരില്‍ നിന്ന് ടിക്കറ്റ് നിരക്ക് ഈടാക്കില്ല. പകരം ഓരോരുത്തര്‍ക്കും ദുരിതാശ്വാസ നിധിയിലേക്ക് അവരെക്കൊണ്ടാവുന്ന തുക നല്‍കാം. ഈ ദിനത്തില്‍ ലഭിക്കുന്ന മുഴുവന്‍ തുകയും ബസുടമകള്‍ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റി വയ്ക്കും. ഇതര ജില്ലകളിലും ഇതേ രീതിയില്‍ 22ന് ഫണ്ട് സമാഹരണം നടക്കുന്നുണ്ട്. ദുരന്തത്തിനിരയായവര്‍ക്ക് 25 വീടുകള്‍ ഈ ഫണ്ട് ഉപയോഗിച്ചു നിര്‍മ്മിച്ചു നല്‍കുകയാണ് ലക്ഷ്യം.
ഫണ്ട് സമാഹരണത്തിന്റെ ഉദ്ഘാടനം കോഴിക്കോട് സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് രാവിലെ 9.30ന് ജില്ലാ കളക്ടര്‍ നിര്‍വ്വഹിക്കും. 22ന് എല്ലാവരും സ്വകാര്യ വാഹനങ്ങള്‍ ഉപേക്ഷിച്ച് ബസ് യാത്ര നടത്തി പൊതുഗതാഗത സംവിധാനത്തെ പ്രോത്സാഹിപ്പിക്കുകയും ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുകയും ചെയ്യണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.ടി.വാസുദേവന്‍, ജനറല്‍ സെക്രട്ടറി ടി.കെ. ബീരാന്‍ കോയ, ജോ.സെക്രട്ടറി അബ്ദുള്‍ സത്താര്‍, ട്രഷറര്‍ സജു എം.എസ് എന്നിവര്‍ പങ്കെടുത്തു