അക്കൗണ്ട് അഗ്രിഗേറ്റര്‍ നെറ്റ്‌വര്‍ക്ക് ഇന്ത്യയിലും; അറിയാം എങ്ങനെയെന്ന്
ന്യൂഡെല്‍ഹി: രാജ്യത്തെ ബാങ്കിംഗ് രംഗത്ത് വലിയ വിപ്ലവം സൃഷ്ടിക്കുന്ന ഒരു സാമ്പത്തിക ഡാറ്റ പങ്കിടല്‍ സംവിധാനമായ അക്കൗണ്ട് അഗ്രിഗേറ്റര്‍ (എഎ) നെറ്റ്വര്‍ക്ക് കഴിഞ്ഞവാരം ഇന്ത്യയില്‍ നിലവില്‍ വന്നു. ഇതിലൂടെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് അവരുടെ സാമ്പത്തിക രേഖകളില്‍ കൂടുതല്‍ നിയന്ത്രണം ഉറപ്പുവരുത്താനും, വായ്പാ ദാതാക്കള്‍ക്കും ഫിന്‍ടെക് കമ്പനികള്‍ക്കും തങ്ങളുടെ ഉപഭോക്താക്കളിലേക്ക് അതിവേഗം സേവനങ്ങള്‍ എത്തിക്കാനും സാധിക്കും. സാധാരണ ഗതിയില്‍ പ്രത്യേകമായി സൂക്ഷിക്കപ്പെടുന്ന വ്യക്തിഗത സാമ്പത്തിക ഡാറ്റയിന്മേല്‍ അക്കൗണ്ട് അഗ്രിഗേറ്റര്‍ വ്യക്തിക്ക് നിയന്ത്രണം നല്‍കുന്നു.
ഇന്ത്യയില്‍ ഓപ്പണ്‍ ബാങ്കിംഗ് കൊണ്ടുവരുന്നതിനും, സ്ഥാപനങ്ങളിലുടനീളം ദശലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ സാമ്പത്തിക ഡാറ്റ ഡിജിറ്റലായി ലഭ്യമാക്കുന്നതിനും, സുരക്ഷിതമായും കാര്യക്ഷമമായും പങ്കിടുന്നതിനും സഹായിക്കുന്നതിനുള്ള ആദ്യപടിയാണ് ഈ നെറ്റ്വര്‍ക്ക് എന്ന് ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ വാര്‍ത്ത കുറിപ്പ് പറുന്നു. ബാങ്കിംഗിലെ അക്കൗണ്ട് അഗ്രിഗേറ്റര്‍ സംവിധാനം ഇന്ത്യയിലെ ഏറ്റവും വലിയ എട്ട് ബാങ്കുകളില്‍ ആരംഭിച്ചു കഴിഞ്ഞു. അക്കൗണ്ട് അഗ്രിഗേറ്റര്‍ സംവിധാനത്തിലൂടെ വായ്പ, സാമ്പത്തിക മാനേജ്‌മെന്റ് എന്നിവ വളരെ വേഗതയാര്‍ന്നതും ചെലവ് കുറഞ്ഞതുമായി മാറും.
എന്താണ് അക്കൗണ്ട് അഗ്രിഗേറ്റര്‍?
അക്കൗണ്ട് അഗ്രിഗേറ്റര്‍ (എഎ) എന്നത് ഒരു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിയന്ത്രിത സംവിധാനമാണ്. (ബാംങ്കിംഗ് ഇതര ധനകാര്യ കമ്പനി അഥവാ എന്‍ബിഎഫ്‌സി- എഎ ലൈസന്‍സോടു കൂടിയതാണിത്). ഒരു വ്യക്തിക്ക് സുരക്ഷിതമായും ഡിജിറ്റലായും ഒരു അക്കൗണ്ടില്‍ ഇടപെടാനും, അക്കൗണ്ടുള്ള ധനകാര്യ സ്ഥാപനവും എഎ നെറ്റ്വര്‍ക്ക് പങ്കിടുന്ന മറ്റേതെങ്കിലും നിയന്ത്രിത ധനകാര്യ സ്ഥാപനവുമായി വിവരങ്ങള്‍ പങ്കിടാനും സഹായിക്കുന്നു. എന്നാല്‍ വ്യക്തിയുടെ സമ്മതമില്ലാതെ ഡാറ്റ പങ്കിടാനാകില്ല.
ഒരു വ്യക്തിക്ക് തിരഞ്ഞെടുക്കാന്‍ കഴിയുന്ന ഒന്നിലധികം അക്കൗണ്ട് അഗ്രഗേറ്ററുകള്‍ ഉണ്ടാകും. അക്കൗണ്ട് അഗ്രിഗേറ്റര്‍ നിങ്ങളുടെ ഡാറ്റയുടെ ഓരോ ഉപയോഗത്തിനും ഘട്ടം ഘട്ടമായുള്ള അനുമതിയും നിയന്ത്രണവും ഉറപ്പാക്കുകയും 'ബ്ലാങ്ക് ചെക്ക്' സ്വീകരിച്ചുകൊണ്ടുള്ള ദീര്‍ഘകാല നിബന്ധനകള്‍ ഒഴിവാക്കുകയും ചെയ്യുന്നു. പരസ്പര പ്രവര്‍ത്തനക്ഷമതയും, ഡാറ്റ സുരക്ഷിതത്വവും ഉറപ്പാക്കുന്ന ഒരു കണ്‍സെന്റ് മാനേജരായി അക്കൗണ്ട് അഗ്രിഗേറ്റര്‍ പ്രവര്‍ത്തിക്കുന്നു. അക്കൗണ്ട് അഗ്രിഗേറ്റര്‍ക്ക് ഉപഭോക്തൃ ഡാറ്റ വായിക്കാന്‍ കഴിയില്ല, ഉപഭോക്തൃ ഡാറ്റ വീണ്ടും വില്‍ക്കാനും കഴിയില്ല.
ഒരിക്കല്‍ പങ്കിട്ട ഡാറ്റ പിന്‍വലിക്കാന്‍ അക്കൗണ്ട് അഗ്രിഗേറ്റര്‍ ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നു. അക്കൗണ്ട് അഗ്രിഗേറ്റര്‍ക്ക് ഉപഭോക്താക്കളോട് വിശ്വാസ്യത പുലര്‍ത്താനുള്ള ഉത്തരവാദിത്തമുണ്ട്. ഡിജിറ്റലായി രേഖപ്പെടുപ്പെടുത്തപ്പെട്ടതും ഒപ്പിട്ടതുമായമായ വിവരങ്ങള്‍ പങ്കിടുന്ന ആര്‍ബിഐ നിയന്ത്രിത സംവിധാനമാണിത്.
അക്കൗണ്ട് അഗ്രിഗേറ്റര്‍ നെറ്റ്വര്‍ക്ക് ഒരു ശരാശരി വ്യക്തിയുടെ സാമ്പത്തിക വ്യവഹാരം എങ്ങനെ മെച്ചപ്പെടുത്തും?
ഇന്ത്യയിലെ സാമ്പത്തിക രംഗത്ത് നിലവില്‍ ഉപഭോക്താക്കള്‍ ഒട്ടേറെ ബുദ്ധിമുട്ടുകള്‍ നേരിടുന്നു. ബാങ്ക് സ്റ്റേറ്റ്‌മെന്റുകളുടെ ഒപ്പിട്ടതും സ്‌കാന്‍ ചെയ്തതുമായ പകര്‍പ്പുകള്‍ പങ്കിടുക, നോട്ടറൈസ് ചെയ്യാനോ പ്രമാണങ്ങള്‍ സ്റ്റാമ്പ് ചെയ്യാനോ ഉള്ള തത്രപ്പാടുകള്‍, നിങ്ങളുടെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച രേഖകള്‍ ഒരു മൂന്നാം കക്ഷിക്ക് നല്‍കുന്നതിന് നിങ്ങളുടെ വ്യക്തിഗത യൂസര്‍ നെയിമും പാസ് വേഡും പങ്കിടുക തുടങ്ങിയവ ഉദാഹരണം. അക്കൗണ്ട് അഗ്രിഗേറ്റര്‍ നെറ്റ്വര്‍ക്കിലൂടെ സുരക്ഷിതമായ ഡിജിറ്റല്‍ ഡാറ്റ അഭിഗമ്യത, പങ്കിടല്‍ ഇവയെല്ലാം മൊബൈല്‍ അധിഷ്ഠിതവും ലളിതവും ആക്കി മറ്റും. ഇത് പുതിയ തരത്തിലുള്ള സേവനങ്ങള്‍ക്കുള്ള അവസരങ്ങള്‍ സൃഷ്ടിക്കും - ഉദാ: പുതിയ തരം വായ്പകള്‍.
ഒരു വ്യക്തിയുടെ ബാങ്ക്, അഗ്രിഗേറ്റര്‍ നെറ്റ്വര്‍ക്കുമായി ബന്ധിപ്പിച്ചാല്‍ ഈ സേവനം ഉപയോഗപ്പെടുത്താം. എട്ട് ബാങ്കുകള്‍ക്ക് ഇതിനോടകം ഈ സംവിധാനമുണ്ട് - നാല് ബാങ്കുകള്‍ ഇതിനോടകം സമ്മതം അടിസ്ഥാനമാക്കി ഡാറ്റ പങ്കിടുന്നു (ആക്‌സിസ്, ഐസിഐസിഐ, എച്ച്ഡിഎഫ് സി, ഇന്‍ഡസ്ഇന്‍ഡ് എന്നീ ബാങ്കുകള്‍). കൂടാതെ നാല് ബാങ്കുകള്‍ ഉടന്‍ ഈ സേവനം ആരംഭിക്കും (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കോട്ടക് മഹീന്ദ്ര ബാങ്ക്, ഐഡിഎഫ് സി ഫസ്റ്റ് ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവ).അല്ലാത്തപക്ഷം പ്രത്യേകമായി സൂക്ഷിക്കുന്ന സാമ്പത്തിക ഡാറ്റയില്‍ അക്കൗണ്ട് അഗ്രിഗേറ്റര്‍, വ്യക്തിക്ക് നിയന്ത്രണം നല്‍കുന്നു.
ആധാര്‍ ഇ കെവൈസി ഡാറ്റ പങ്കിടല്‍, ക്രെഡിറ്റ് ബ്യൂറോ ഡാറ്റ പങ്കിടല്‍, സികെവൈസി പോലുള്ള പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് അക്കൗണ്ട് അഗ്രിഗേറ്റര്‍ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
കെവൈസി അഥവ ഉപഭോതാവിനെ അറിയുക എന്ന ആവശ്യത്തിനായി (ഉദാ: പേര്, വിലാസം, ലിംഗം മുതലായവ) നാല് 'ഐഡന്റിറ്റി' ഡാറ്റ ഫീല്‍ഡുകള്‍ പങ്കിടാന്‍ മാത്രമേ ആധാര്‍ ഇ കെവൈസി യും സി കെവൈസിയും അനുവദിക്കുന്നുള്ളൂ. അതുപോലെ, വായ്പ ചരിത്രവും ക്രെഡിറ്റ് സ്‌കോറും മാത്രമേ ക്രെഡിറ്റ് ബ്യൂറോ ഡാറ്റ കാണിക്കുന്നുള്ളൂ. സേവിംഗ്‌സ്/ ഡെപ്പോസിറ്റ്/ കറന്റ് അക്കൗണ്ടുകളില്‍ നിന്നുള്ള ഇടപാടിന്റെ വിവരങ്ങളും ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും പങ്കിടാന്‍ അക്കൗണ്ട് അഗ്രിഗേറ്റര്‍ നെറ്റ്വര്‍ക്ക് അനുവദിക്കുന്നു.
ഇന്ന്, ബാങ്കിങ് നെറ്റ്വര്‍ക്കില്‍ ഉടനീളം തത്സമയം നടക്കുന്ന ഇടപാടുകള്‍ പങ്കിടാവുന്നതാണ് (ഉദാഹരണത്തിന്, കറന്റ് അക്കൗണ്ട്/സേവിംഗ്‌സ് അക്കൗണ്ട് ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍). നികുതി ഡാറ്റ, പെന്‍ഷന്‍ ഡാറ്റ, ഇന്‍ഷുറന്‍സ് ഡാറ്റ, ഓഹരി ഡാറ്റ (മ്യൂച്വല്‍ ഫണ്ടുകളും ബ്രോക്കറേജും) ഉള്‍പ്പെടെ എല്ലാ സാമ്പത്തിക ഡാറ്റയും ക്രമേണ എഎ സംവിധാനത്തില്‍ ലഭ്യമാക്കും. ആരോഗ്യ സംരക്ഷണ ഡാറ്റയും ടെലികോം ഡാറ്റയും എഎ വഴി ലഭ്യമാകാന്‍ അനുവദിക്കുന്നതോടെ സാമ്പത്തിക മേഖലയ്ക്ക് അപ്പുറമുള്ള മേഖലകളിലേക്ക് ഇത് വികസിക്കും.
എഎ- കള്‍ക്ക് വ്യക്തിഗത ഡാറ്റ കാണാനോ സമാഹരിക്കാനോ കഴിയുമോ? ഡാറ്റ പങ്കിടല്‍ സുരക്ഷിതമാണോ?
അക്കൗണ്ട് അഗ്രിഗേറ്റര്‍മാര്‍ക്ക് ഡാറ്റ കാണാന്‍ കഴിയില്ല. ഒരു വ്യക്തിയുടെ നിര്‍ദ്ദേശവും സമ്മതവും അടിസ്ഥാനമാക്കി അക്കൗണ്ട് അഗ്രിഗേറ്റര്‍മാര്‍ ഒരു സാമ്പത്തിക സ്ഥാപനത്തില്‍ നിന്ന് മറ്റൊന്നിലേക്ക് ഡാറ്റ കൊണ്ടുപോകുന്നു. അക്കൗണ്ട് അഗ്രിഗേറ്റര്‍ എന്ന പേരിന് വിപരീതമായി, അവര്‍ക്ക് നിങ്ങളുടെ ഡാറ്റ സമാഹരിക്കാന്‍ കഴിയില്ല. നിങ്ങളുടെ ഡാറ്റ സമാഹരിക്കുകയും നിങ്ങളുടെ വിശദമായ പ്രൊഫൈലുകള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന സാങ്കേതിക കമ്പനികളെ പോലെയല്ല എഎ-കള്‍ പ്രവര്‍ത്തിക്കുന്നത്.
എഎ- കള്‍ പങ്കിടുന്ന ഡാറ്റ അയക്കുന്നയാളാണ് എന്‍ക്രിപ്റ്റ് ചെയ്തിരിക്കുന്നത്. സ്വീകര്‍ത്താവിന് മാത്രമേ ഡീക്രിപ്റ്റ് ചെയ്യാന്‍ കഴിയൂ. 'ഡിജിറ്റല്‍ സിഗ്‌നേച്ചര്‍' പോലുള്ള സാങ്കേതികവിദ്യകളും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനും ഉപയോഗിക്കുന്നതിനാല്‍ പേപ്പര്‍ രേഖകള്‍ പങ്കിടുന്നതിനേക്കാള്‍ ഇത് കൂടുതല്‍ സുരക്ഷിതമായിരിക്കും.
ഒരു ഉപഭോക്താവിന് ഡാറ്റ പങ്കിടേണ്ടെന്ന് തീരുമാനിക്കാന്‍ കഴിയുമോ?
കഴിയും. എഎ- ല്‍ രജിസ്റ്റര്‍ ചെയ്യുന്നത് ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം പൂര്‍ണ്ണമായും സ്വമേധയാ ഉള്ള തീരുമാനമാണ്. ഉപഭോക്താവിന്റെ ബാങ്ക് നെറ്റ്വര്‍ക്കില്‍ ചേര്‍ന്നിട്ടുണ്ടെങ്കില്‍, അക്കൗണ്ട് അഗ്രിഗേറ്ററുകള്‍ വഴി 'സമ്മതം' നല്‍കുന്ന ഘട്ടത്തില്‍, ഒരു വ്യക്തിക്ക് എഎ-ല്‍ രജിസ്റ്റര്‍ ചെയ്യാനും, ഏത് അക്കൗണ്ടുകള്‍ ലിങ്ക് ചെയ്യണമെന്ന് തിരഞ്ഞെടുക്കാനും, അവരുടെ അക്കൗണ്ടുകളില്‍ നിന്ന് ഡാറ്റ ഏതെങ്കിലും പ്രത്യേക ആവശ്യത്തിനായി ഒരു പുതിയ വായ്പ അനുവദിക്കുന്നയാള്‍ക്കോ ധനകാര്യ സ്ഥാപനങ്ങള്‍ക്കോ പങ്കിടാനും കഴിയും. ഒരു ഉപഭോക്താവിന് ഏത് സമയത്തും പങ്കിടാനുള്ള സമ്മതം റദ്ദാക്കാനും കഴിയും. ഒരു ഉപഭോക്താവ് ഒരു കാലയളവില്‍ (ഉദാ. ലോണ്‍ കാലയളവില്‍) ആവര്‍ത്തിച്ച് ഡാറ്റ പങ്കിടാന്‍ സമ്മതം നല്‍കിയിട്ടുണ്ടെങ്കില്‍ പോലും, പിന്നീട് എപ്പോള്‍ വേണമെങ്കിലും ഉപഭോക്താവിന് തന്നെ അത് റദ്ദാക്കാവുന്നതാണ്.
ഒരു ഉപഭോക്താവ് ഒരിക്കല്‍ ഒരു സ്ഥാപനവുമായി തന്റെ ഡാറ്റ പങ്കിട്ടിട്ടുണ്ടെങ്കില്‍, അവര്‍ക്ക് എത്രത്തോളം അത് ഉപയോഗിക്കാന്‍ കഴിയും?
സ്വീകര്‍ത്താവിന്റെ സ്ഥാപനം ഡാറ്റ അക്സസ് ചെയ്യുന്ന കൃത്യമായ സമയപരിധി ഡാറ്റ പങ്കിടാന്‍ സമ്മതം നല്‍കുന്ന സമയത്ത് ഉപഭോക്താവിനെ അറിയിക്കും.
ഒരു ഉപഭോക്താവിന് എഎ-ല്‍ എങ്ങനെ രജിസ്റ്റര്‍ ചെയ്യാം?
നിങ്ങള്‍ക്ക് അവരുടെ ആപ്പിലൂടെയോ വെബ്‌സൈറ്റിലൂടെയോ എഎ- ല്‍ രജിസ്റ്റര്‍ ചെയ്യാം. സമ്മത പ്രക്രിയയ്ക്ക് ഉപയോഗിക്കാവുന്ന ഒരു ഹാന്‍ഡില്‍ (യൂസര്‍ നെയിം പോലെ) എഎ നല്‍കും.
ഇപ്പോള്‍, എഎ- ളുടെ പ്രവര്‍ത്തന ലൈസന്‍സുള്ള നാല് ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ലഭ്യമാണ് (Finvu, OneMoney, CAMS Finserv, NADL). മൂന്ന് ആപ്ലിക്കേഷനുകള്‍ക്ക് കൂടി (PhonePe, Yodlee, Perfios) RBI-ല്‍ നിന്ന് തത്വത്തില്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്. താമസിയാതെ ഈ ആപ്പുകള്‍ പ്രതീക്ഷിക്കാം.
ഒരു ഉപഭോക്താവ് എല്ലാ എഎ-കളിലും രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ടോ?
ഇല്ല, ഒരു ഉപഭോക്താവിന് നെറ്റ്വര്‍ക്കിലെ ഏത് ബാങ്കില്‍ നിന്നും ഡാറ്റ ആക്സസ് ചെയ്യുന്നതിന്, ഏത് എഎ-യിലും രജിസ്റ്റര്‍ ചെയ്യാം.
ഈ സൗകര്യം ഉപയോഗിക്കുന്നതിന് ഒരു ഉപഭോക്താവ് എഎ-ക്ക് പണം നല്‍കേണ്ടതുണ്ടോ?
ഇത് എഎ-യെ ആശ്രയിച്ചിരിക്കും. ചില എഎ-കള്‍ സൗജന്യമായിരിക്കാം. കാരണം അവര്‍ സാമ്പത്തിക സ്ഥാപനങ്ങളില്‍ നിന്ന് സേവന ഫീസ് ഈടാക്കുന്നവയായിരിക്കും. ചില എഎ-കള്‍ ഒരു ചെറിയ ഉപയോക്തൃ ഫീസ് ഈടാക്കിയേക്കാം.
ഡാറ്റ പങ്കിടലിനുള്ള എഎ നെറ്റ്വര്‍ക്കില്‍ ബാങ്ക് ചേര്‍ന്നിട്ടുണ്ടെങ്കില്‍ ഒരു ഉപഭോക്താവിന് എന്തൊക്കെ പുതിയ സേവനങ്ങള്‍ ലഭ്യമാകും?
ഒരു വ്യക്തിക്ക് ലഭ്യമാകുന്ന മെച്ചപ്പെട്ട രണ്ട് പ്രധാന സേവനങ്ങള്‍ വായ്പയും സാമ്പത്തിക മാനേജ്‌മെന്റുമാണ്. നിലവില്‍ ഒരു ഉപഭോക്താവിന് ഒരു ചെറിയ ബിസിനസ് വായ്പയോ വ്യക്തിഗത വായ്പയോ ലഭിക്കണമെങ്കില്‍, കടം കൊടുക്കുന്നയാളുമായി പങ്കിടേണ്ട നിരവധി രേഖകള്‍ ഉണ്ട്. ഇത് ബുദ്ധിമുട്ടേറിയതും മാനുവല്‍ ആയി ചെയ്യേണ്ടതുമായ ഒരു പ്രക്രിയയാണ്. വായ്പയെയും വായ്പ ലഭ്യമാക്കാനുള്ള സമയത്തെയും ഇത് ബാധിക്കുന്നു. അതുപോലെ, സാമ്പത്തിക മാനേജ്മന്റ് ഇന്ന് ബുദ്ധിമുട്ടേറിയ സംഗതിയാണ്. കാരണം, ഡാറ്റ പല സ്ഥലങ്ങളില്‍ സൂക്ഷിച്ചിരിക്കുന്നതിനാല്‍ വിശകലനത്തിനായി ഒരുമിച്ച് കൊണ്ടുവരാന്‍ എളുപ്പത്തില്‍ കഴിയില്ല.
എഎ-യിലൂടെ, ഒരു കമ്പനിക്ക് വേഗത്തിലും കുറഞ്ഞ ചെലവിലും കൃത്യവും സുരക്ഷിതവുമായ ഡാറ്റ ആക്സസ് ചെയ്യാനും, വായ്പാ മൂല്യനിര്‍ണ്ണയ പ്രക്രിയ വേഗത്തില്‍ ആക്കാനും കഴിയും. അങ്ങനെ ഒരു ഉപഭോക്താവിന് എളുപ്പത്തില്‍ വായ്പ ലഭിക്കും. കൂടാതെ, ജിഎസ്ടി അല്ലെങ്കില്‍ ജിഇഎം പോലെയുള്ള ഒരു സര്‍ക്കാര്‍ സംവിധാനത്തില്‍ലെ ഭാവി ക്രയവിക്രയപത്രം അല്ലെങ്കില്‍ പണമൊഴുക്കിനെക്കുറിച്ചുള്ള വിവരങ്ങള്‍ വഴി ലഭ്യമാകുന്ന ഒരു ഉപഭോക്താവിന്റെ വിശ്വാസ്യത ഉള്ള വിവരങ്ങള്‍ പങ്കിടുന്നതിലൂടെ, ഭൗതിക ജാമ്യമില്ലാതെ വായ്പ ലഭ്യമാക്കാനുമാകും.