ഫ്യൂച്ചര്‍-റിലയന്‍സ് കരാര്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു
ആമസോണ്‍-ഫ്യൂച്ചര്‍-റിലയന്‍സ് കേസില്‍ ഡല്‍ഹി ഹൈക്കോടതിയുടെ തുടര്‍നടപടികള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തു. റിലയന്‍സ്-ഫ്യൂച്ചര്‍ ഇടപാടില്‍ ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ ആമസോണ്‍ നല്‍കിയ അപ്പീലിലാണ് സുപ്രീം കോടതി ഉത്തരവ്. കേസില്‍ സുപ്രീം കോടതിയായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക എന്ന് ജസ്റ്റിസ് രോഹിന്റണ്‍ എഫ് നരിമാന്‍ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. മെയ് നാലിന് സുപ്രീം കോടതി കേസ് പരിഗണിച്ചേക്കും.
ഫ്യൂച്ചര്‍-റിലയന്‍സ് ഇടപാട് തങ്ങളുമായുള്ള കരാര്‍ ലംഘനമാണെന്നാണ് ആമസോണിന്റെ വാദം. 24,731 കോടി രൂപയുടെ ആസ്തി വില്‍പ്പന കരാറാണ് റിലയന്‍സും ഫ്യൂച്ചര്‍ റീട്ടെയ്ലും തമ്മില്‍ നടന്നത്. ഇതിനെതിരെയാണ് ആമസോണ്‍ നിയമ നടപടികള്‍ സ്വീകരിച്ച് രംഗത്തെത്തിയത്. ഡല്‍ഹി ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് കരാറിന് സ്റ്റേ നല്‍കിയെങ്കിലും ഡിവിഷന്‍ ബെഞ്ച് പിന്നീട് സ്റ്റേ നീക്കി റിലയന്‍സ്-ഫ്യൂച്ചര്‍ കരാറിന് അനുമതി നല്‍കുകയായിരുന്നു.
നിലവില്‍ ഫ്യൂച്ചര്‍ കൂപ്പണ്‍സ് പ്രൈവറ്റ് ലിമിറ്റഡില്‍ (എഫ്സിപിഎല്‍) ആമസോണിന് 1,431 കോടി രൂപയുടെ 49 ശതമാനം ഓഹരികളുണ്ട്. ഫ്യൂച്ചര്‍ റീട്ടെയിലിന് ആകട്ടെ 9.82 ശതമാനം ഓഹരികള്‍ മാത്രമാണുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫ്യൂച്ചര്‍-റിലയന്‍സ് ഇടപാടിനെതിരെ ആമസോണ്‍ രംഗത്തെത്തിയത്. ഫ്യൂച്ചര്‍ റീട്ടെയിലില്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും ആമസോണ്‍ വാദിക്കുന്നു. ആമസോണുമായുള്ള നിക്ഷേപ കരാര്‍ നിലനില്‍ക്കുന്നത് കൊണ്ടാണ് റിലയന്‍സ്- ഫ്യൂച്ചര്‍ റീട്ടെയ്ല്‍ കരാര്‍ ഇപ്പോഴും നിയമ തടസ്സങ്ങളോടെ മുന്‍പോട്ട് പോകുന്നത്.