കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വധഭീഷണി മുഴക്കിയ കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചു. ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും. വെളളിയാഴ്ച വരെ അറസ്റ്റ് ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ വാക്കാല്‍ അറിയിച്ചു. സീനിയര്‍ അഭിഭാഷകന് കൊവിഡ് ആയതിനാല്‍ ഹര്‍ജി തിങ്കളാഴ്ച കേള്‍ക്കണം എന്ന് ദിലീപ് ആവശ്യപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കാനിരിക്കെയാണ് ഇത്തരമൊരു കേസ്. അന്വേഷണ ഉദ്യോഗസ്ഥന്‍ മെനഞ്ഞെടുത്ത കഥ ആണ് പുതിയ ആരോപണങ്ങള്‍ എന്നും ദിലീപ് കോടതിയില്‍ വാദിച്ചു.
അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെ താന്‍ പരാതി നല്‍കിയതിന്റെ പ്രതികാര നടപടിയായാണ് കേസിന് പിന്നിലെന്നും ഹര്‍ജിയില്‍ ദിലീപ് പറയുന്നു. ദിലീപിനെ കൂടാതെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സൂരജ് എന്നിവരും മുന്‍കൂര്‍ ജാമ്യം തേടിയിട്ടുണ്ട്. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ മൊഴിയുടെയും ശബ്ദരേഖയുടെയും അടിസ്ഥാനത്തിലാണ് ദിലീപടക്കം ആറ് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് ക്രൈം ബ്രാഞ്ച് കേസ് എടുത്തത്.
നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനിയെ ചോദ്യം ചെയ്യാനുള്ള അപേക്ഷയും കോടതിയില്‍ നല്‍കും.അന്വേഷണ മേല്‍നോട്ടച്ചുമതലയുണ്ടായിരുന്ന എഡിജിപി സന്ധ്യ, ഐജി എവി ജോര്‍ജ്, അന്വേഷണസംഘത്തെ നയിച്ച എസ്പിമാരായ സോജന്‍, സുദര്‍ശന്‍, അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് അടക്കം അഞ്ച് ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നത് സംബന്ധിച്ച് തന്റെ സാന്നിധ്യത്തില്‍ പ്രതികള്‍ ഗൂഡാലോചന നടത്തിയെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴി. ഇത് സാധൂകരിക്കുന്ന ഓഡിയോ ക്ലിപ്പുകളും കൈമാറിയിട്ടുണ്ട്.
ഈ മൊഴിയുടെയും ഓഡിയോ തെളിവുകളുടെയും അടിസ്ഥാനത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാന്‍ തടസമില്ലെന്ന് ക്രൈംബ്രാഞ്ചിന് നിയമോപദേശം കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. നിലവിലെ സാഹചര്യത്തില്‍ അന്വേഷണ സംഘത്തിന് ആവശ്യമെങ്കില്‍ ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ നിയമതടസമില്ല. ഗൂഡാലോചനക്കുറ്റം പ്രാഥമികമായി ബോധ്യപ്പെട്ടാല്‍ അറസ്റ്റും രേഖപ്പെടുത്താം.