മാരുതിയുടെ കാര്‍ വില്‍പ്പനയില്‍ വമ്പന്‍ ഇടിവെന്ന് റിപ്പോര്‍ട്ട്
രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കലായ മാരുതി സുസുക്കിയുടെ കാര്‍ വില്‍പ്പനയില്‍ സെപ്റ്റംബര്‍ മാസത്തില്‍ വമ്പന്‍ ഇടിവെന്ന് റിപ്പോര്‍ട്ട്. 46 ശതമാനം കുറവാണ് വില്‍പ്പനയില്‍ രേഖപ്പെടുത്തിയതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. 2021 സെപ്റ്റംബറില്‍ മൊത്തം വില്‍പ്പന 86,380 യൂണിറ്റുകളായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേസമയം 1,60,442 യൂണിറ്റുകളുടെ വില്പനയാണ് മാരുതി നടത്തിയത്. ചിപ്പ് ഷോര്‍ട്ടേജ് കാരണം ഓട്ടോമൊബൈല്‍ വ്യവസായം പ്രതിസന്ധിയില്‍ തുടരുന്ന സാഹചര്യമാണ് ഈ വില്‍പ്പന ഇടിവിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
2021 സെപ്റ്റംബറില്‍ 66,415 യൂണിറ്റുകളായിരുന്നു കമ്പനിയുടെ ആഭ്യന്തര വില്‍പ്പന. 17,565 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു. 2020 സെപ്റ്റംബറില്‍ വിറ്റ 1,60,442 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വാര്‍ഷിക അടിസ്ഥാനത്തിലാണ് ഇത്രയും നഷ്ടം മാരുതി സുസുക്കിക്ക് ഉണ്ടായിരിക്കുന്നത്. ആള്‍ട്ടോ, ബലേനോ, സ്വിഫ്റ്റ്, വാഗണ്‍-ആര്‍, എസ്-പ്രെസോ മൈക്രോ ക്രോസ്ഓവര്‍ എന്നിവ പോലുള്ള ഹാച്ച്ബാക്കുകളാണ് വില്‍പ്പനയില്‍ ഏറ്റവും വലിയ ഇടിവ് നേരിട്ടത്.
മാരുതി സുസുക്കി അള്‍ട്ടോ, മാരുതി സുസുക്കി എസ്-പ്രസോ എന്നിവ 2021 സെപ്റ്റംബറില്‍ 14,936 യൂണിറ്റുകളാണ് രേഖപ്പെടുത്തിയത്. 2020 സെപ്റ്റംബറില്‍ ഇത് 27,246 യൂണിറ്റുകളായിരുന്നു.
മാരുതി സുസുക്കിയുടെ കോംപാക്ട് പാസഞ്ചര്‍ വാഹന സെഗ്മെന്റിലെ മോഡലുകളായ മാരുതി സുസുക്കി വാഗണ്‍ആര്‍, സ്വിഫ്റ്റ് , സെലേറിയോ (Maruti Suzuki മാരുതി സുസുക്കി ഇഗ്‌നിസ്, ബലേനോ, ഡിസയര്‍, ടൂര്‍ എസ്, തുടങ്ങിയ മോഡലുകളുടെ വില്‍പ്പന 20,891യൂണിറ്റുകളാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 84,213 യൂണിറ്റുകളായിരുന്നു.
പാസഞ്ചര്‍ വാഹനങ്ങളും ലൈറ്റ് കൊമേഴ്‌സ്യല്‍ വാഹനങ്ങളും ഉള്‍പ്പെടെ മൊത്തം ആഭ്യന്തര വില്‍പ്പന 66,415 യൂണിറ്റുകളാണ് 2021 സെപ്റ്റംബറില്‍ വില്‍പ്പന നടത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 150,040 യൂണിറ്റുകളായിരുന്നു. 2021 സെപ്റ്റംബറില്‍ വില്‍പ്പന നടത്തിയ മൊത്തം ആഭ്യന്തര പാസഞ്ചര്‍ വാഹനങ്ങള്‍ 63,111 യൂണിറ്റുകളായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ 147,912 യൂണിറ്റായിരുന്നു എന്നാണ് കണക്കുകള്‍.
മോശം വില്‍പ്പന കണക്കുകളിലേക്ക് നയിക്കാനുണ്ടായ ഏറ്റവും വലിയ കാരണം ആഗോള സെമി കണ്ടക്ടര്‍ ചിപ്പുകളുടെ കുറവാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിപ്പുകളുടെ അഭാവം കാരണം പല നിര്‍മ്മാതാക്കളും അവരുടെ വാഹനങ്ങളുടെ ഉത്പാദനം കുറച്ചിരുന്നു. ഇതേ കാരണത്താല്‍ താല്‍ക്കാലികമായി പ്ലാന്റുകള്‍ അടച്ചുപൂട്ടാന്‍ വരെ മാരുതി നിര്‍ബന്ധിതരായിരുന്നു. ഇതും വില്‍പ്പന കണക്കുകളെ കാര്യമായി ബാധിക്കുന്നുണ്ട്.