കൊവിഡ് വ്യാപനം കുറയുന്നു; ബഹ്‌റൈനില്‍ നിയന്ത്രണങ്ങള്‍ ഗ്രീന്‍ ലെവലിലേക്ക്
മനാമ: ബഹ്റൈനില്‍ കൊവിഡ് രോഗ വ്യാപനത്തില്‍ ഗണ്യമായ കുറവുണ്ടായ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കുറഞ്ഞ ഗ്രീന്‍ ലെവലിലേക്ക് മാറ്റിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം നാഷനല്‍ മെഡിക്കല്‍ ടാസ്‌ക് ഫോഴ്സ് കൈക്കൊണ്ട തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റിന്റെയും ഐസിയു കേസുകളുടെയും അടിസ്ഥാനത്തില്‍ രാജ്യത്തെ പ്രദേശങ്ങളെ പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്നിങ്ങനെ നാലു വിഭാഗങ്ങളായി ജാഗ്രതാ അലേര്‍ട്ട് സംവിധാനം നേരത്തേ ഏര്‍പ്പെടുത്തിയിരുന്നു. ഇതില്‍ ഏറ്റവും കുറഞ്ഞ നിയന്ത്രണങ്ങളിലേക്കാണ് ബഹ്റൈന്‍ നിലവില്‍ മാറിയിരിക്കുന്നത്.
രാജ്യം കൊവിഡ് അലേര്‍ട്ടിന്റെ ഗ്രീന്‍ ലെവലിലേക്ക് മാറിയ സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്ക് നേരിട്ടുള്ള ക്ലാസ്സുകള്‍ ആരംഭിക്കാമെന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍ കുട്ടികളെ സ്‌കൂളിലേക്ക് അയക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ രക്ഷിതാക്കള്‍ക്ക് തീരുമാനമെടുക്കാന്‍ അവകശമുണ്ടായിരിക്കും. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തുടരണം എന്നുള്ളവര്‍ക്ക് അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കാനും അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.