മദ്യം, വസ്ത്രം, ഇലക്ട്രോണിക്സ്... 10% വില കൂടുമെന്നു റിപ്പോര്‍ട്ട്
മുംബൈ: ഭക്ഷ്യ വിലക്കയറ്റത്തില്‍ നട്ടം തിരിയുന്ന പൊതുജനത്തിന് ഇരട്ടി പ്രഹരമേകി പുതിയ റിപ്പോര്‍ട്ട് പുറത്ത്. ഭക്ഷ്യ വസ്തുക്കള്‍ക്കു പുറമേ ഭക്ഷ്യേതര വസ്തുക്കളുടെ വിലയും കുതിക്കുമെന്നാണു റിപ്പോര്‍ട്ട്. വസ്ത്രങ്ങള്‍, ഇലക്ട്രോണിക്‌സ്, മദ്യം തുടങ്ങിയവയുടെ വില എട്ടു മുതല്‍ പത്തു ശതമാനം വരെ വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ തയ്യാറെടുക്കുകയാണെന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. പലചരക്ക്, അവശ്യവസ്തുക്കള്‍, വ്യക്തിഗത പരിചരണ ഉല്‍പ്പന്നങ്ങള്‍, പായ്ക്ക് ചെയ്ത ഭക്ഷണങ്ങള്‍, ഡൈനിങ് എന്നിവ വില്‍ക്കുന്ന കമ്പനികള്‍ ഇതിനകം തന്നെ വില വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമേ പുതുവര്‍ഷത്തില്‍ വീണ്ടും വില വര്‍ധിപ്പിക്കാനുള്ള നീക്കം അണിയറിയില്‍ തകൃതിയാണ്.
കോവിഡില്‍നിന്നു കരകയറുന്ന വിപണികള്‍ക്കും പൊതുജനത്തിനും വിലക്കയറ്റം വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് പച്ചക്കറി വില മൂന്നിരട്ടിയോളമാണ് വര്‍ധിച്ചത്. വിലവര്‍ധന ഭയന്ന് ആളുകള്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നത് ആവശ്യകതയേയും ബാധിക്കുന്നുണ്ട്. ഇന്ധനവിലക്കയറ്റവും അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനയുമാണ് കമ്പനികള്‍ ഉയര്‍ത്തി കാട്ടുന്നത്. ഇന്ധനവിലക്കയറ്റവും എല്ലാം മേഖലകളിലും തിരിച്ചടിയായിട്ടുണ്ട്. ഓര്‍ഗാനിക്, അടിസസ്ഥാന വിലക്കയറ്റം വിലയെ ബാധിക്കുമെന്ന് ആദിത്യ ബിര്‍ള ഫാഷന്‍ ആന്‍ഡ് റീട്ടെയില്‍ മാനേജിങ് ഡയറക്ടര്‍ ആശിഷ് ദീക്ഷിത് പറഞ്ഞു.
ബിസിനസ് ചെലവുകളുടെ സൂചകമായ മൊത്തവില പണപ്പെരുപ്പം ആറ് മാസമായി ഇരട്ട അക്കത്തിലാണ്. എന്നാല്‍ റീട്ടെയില്‍ പണപ്പെരുപ്പം സെപ്റ്റംബറില്‍ 4.35 ശതമാനമായി കുറഞ്ഞു. മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള മൊത്തവില പണപ്പെരുപ്പവും ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള റീട്ടെയില്‍ പണപ്പെരുപ്പവും തമ്മിലുള്ള അന്തരം വരാനിരിക്കുന്ന വില വര്‍ധനയുടെ സൂചനയാണ്. നഷ്ടം കമ്പനികള്‍ ഉപയോക്താക്കളുടെ ചുമലിലേക്ക് കൈമാറാനാണു സാധ്യത. ഗ്ലാസ്, കോട്ടണ്‍, സ്റ്റീല്‍, ചിപ്, കെമിക്കല്‍സ് തുടങ്ങിയ അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം ബിസിനസ് ഉടമകളുടെ ആദായത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
ഒരു ദശാബ്ദത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്ക്, പ്രതിവര്‍ഷം 60 ശതമാനം വര്‍ധിച്ച പരുത്തി നൂലിന്റെ വില വസ്ത്ര മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. കോവിഡിനെ തുടര്‍ന്ന് കച്ചവടം പിടിക്കുന്നതിനായി ചില്ലറ വ്യാപാരികള്‍ കഴിഞ്ഞ വര്‍ഷം ആദായം കുറച്ചുകൊണ്ട് ആഘാതം ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചു. എന്നാല്‍ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കളിലേക്ക് വിലക്കയറ്റം കൈമാറാതെ രക്ഷയില്ലെന്നാണു റിപ്പോര്‍ട്ടിലുള്ളത്. കമ്പനി ഇതുവരെ കാണാത്ത തരത്തില്‍ അസംസ്‌കൃത വസ്തുക്കളുടെ വില മാസം തോറും വര്‍ധിക്കുകയാണെന്നു ലൈഫ്സ്റ്റൈല്‍ ഇന്റര്‍നാഷണലിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ദേവരാജന്‍ അയ്യര്‍ വ്യക്തമാക്കി.
ഇന്ധന, ലോജിസ്റ്റിക് ചെലവുകളും സംരംഭങ്ങള്‍ക്കു തലവേദനയാകുകയാണ്. സെപ്റ്റംബറില്‍ ഇന്ധന- ഊര്‍ജ വിലക്കയറ്റം 24.8 ശതമാനമാണ്. തുറമുഖങ്ങളിലും വെയര്‍ഹൗസുകളിലും ഉല്‍പ്പന്നങ്ങള്‍ കെട്ടികിടക്കുന്നത് ലോജിസ്റ്റിക്‌സ് ചെലവുകളും വര്‍ധിപ്പിച്ചിട്ടുണ്ട്. റഫ്രിജറേറ്ററുകള്‍, എസികള്‍, വാഷിങ് മെഷീനുകള്‍, മൈക്രോവേവ് ഓവനുകള്‍ തുടങ്ങിയ ഇലക്ട്രോണിക്‌സ് സാധനങ്ങളുടെ വില അടുത്ത ആഴ്ച തന്നെ 5- 6 ശതമാനം വരെ വര്‍ധിക്കുമെന്നു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അടുത്തവര്‍ഷം ആദ്യത്തോടെ മറ്റൊരു വിലവര്‍ധനയും ഉണ്ടാകും.
ചരക്ക്, അസംസ്‌കൃത വസ്തുക്കളുടെ വില 8- 10 ശതമാനം വര്‍ധിച്ചെങ്കിലും ഉത്സവ ആവശ്യകത തളര്‍ത്താതിരിക്കാന്‍ കമ്പനികള്‍ വില വര്‍ധന വൈകിക്കുകയായിരുന്നു. ഗ്ലാസ് ബോട്ടിലുകളുടെ വിലക്കയറ്റം, അധിക ന്യൂട്രല്‍ ആല്‍ക്കഹോള്‍, മദ്യം നിര്‍മ്മിക്കുന്നതിനുള്ള അവശ്യവസ്തുക്കളുടെ വില വര്‍ധന, പായ്ക്കിങ് ചെലവിലെ 5- 17 ശതമാനം വര്‍ധന എന്നിവയാണ് മദ്യ വ്യവസായം നേരിടുന്ന വെല്ലുവിളികള്‍.