വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് കൂട്ടണം'; പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ 21 മുതല്‍ ബസ് സമരം


തിരുവനന്തപുരം: ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ ഈ മാസം 21 മുതല്‍ അനിശ്ചിതകാല ബസ് സമരം  നടത്തുമെന്ന് ബസ് ഉടമകള്‍. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് കൂട്ടണമെന്നാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം. വിദ്യാര്‍ത്ഥികളുടെ നിരക്ക് കൂട്ടാതെയുള്ള ബസ് ചാര്‍ജ് വര്‍ധനവ് വേണ്ടെന്ന് കൊച്ചിയില്‍ ചേര്‍ന്ന ബസ് ഉടമ സംയുക്ത സമര സമിതി വ്യക്തമാക്കി. ഇരുപത്തിയൊന്നിന് മുമ്പ് സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയാറാണ്. വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് കൂട്ടാതെയുളള യാതൊരു ഒത്തുതീര്‍പ്പിനും തങ്ങള്‍ തയാറല്ല. തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ പോലും അംഗീകരിച്ചതാണ്. എന്നിട്ടും ബസ് ചാര്‍ജ് വര്‍ധനയ്ക്ക് സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഒരു മാസത്തിനുളളില്‍ പരിഹാരമുണ്ടാക്കാമെന്ന് ഗതാഗത മന്ത്രി വാക്ക് തന്നിരുന്നു.  ഒന്നും നടക്കാതെ വന്നതോടെയാണ് അനിശ്ചിത കാല സമരത്തിന് തീരുമാനിച്ചതെന്നും ബസ് ഉടമകള്‍ പറഞ്ഞു

അതേസമയം ബസ് യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കുമ്പോള്‍ കണ്‍സെഷന്‍ നിരക്കില്‍ മാറ്റം വരുത്തരുതെന്നാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ ആവശ്യപ്പെടുന്നത്. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ ആറ് രൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം. എന്നാല്‍ ഇത്ര വര്‍ധന പറ്റില്ലെന്നും ഒന്നര രൂപയാക്കാമെന്നുമാണ് സര്‍ക്കാര്‍ നിലപാട്. ബസ് ചാര്‍ജ് വര്‍ധനയെ കുറിച്ച് പഠിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ മിനിമം കണ്‍സെഷന്‍ നിരക്ക് അഞ്ച് രൂപയാക്കണമെന്ന ശുപാര്‍ശയാണ് നല്‍കിയിട്ടുള്ളത്. ബസ് മിനിമം നിരക്ക് എട്ട് രൂപയില്‍ നിന്ന് 10 രൂപ ആക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. 12 രൂപയാണ് ബസ് ഉടമകള്‍ ആവശ്യപ്പെടുന്ന വര്‍ധന. അതേസമയം ബസ് ചാര്‍ജ് വര്‍ധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുമായി ഗതാഗതമന്ത്രി ആന്റണി രാജു നാളെ ചര്‍ച്ച നടത്തും. നാളെ വൈകുന്നേരം നാലിന് തൈക്കാട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ വച്ചാണ് ചര്‍ച്ച നടത്തുക.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media