ഭാര്യയുടെ പരാതി അന്വേഷിക്കാന്‍ പോയ പൊലീസ് രക്ഷിച്ചത് ഭര്‍ത്താവിന്റെ ജീവന്‍
തൃശ്ശൂര്‍: മദ്യപിച്ചെത്തിയ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിക്കുന്നുവെന്ന പരാതി അന്വേഷിക്കാന്‍ പോയ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് പൊലീസ് രക്ഷിച്ചത് ഭര്‍ത്താവിന്റെ ജീവന്‍. ഒക്ടോബര്‍ ഇരുപത്തിയഞ്ചിനാണ് നാടകീയമായ സംഭവങ്ങള്‍ നടന്നത്. രാത്രി 11 മണിയോടെയാണ് മദ്യപിച്ചെത്തിയ ഭര്‍ത്താവ് പൊതിരെ തല്ലുന്നു എന്ന പരാതി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ ഒരു സ്ത്രീ വിളിച്ച് അറിയിച്ചത്.
ഇതിനെ തുടര്‍ന്ന് സ്റ്റേഷനില്‍ നിന്നും അറിയച്ചത് പ്രകാരം പട്രോളിങ്ങിലുണ്ടായിരുന്ന സബ് ഇന്‍സ്‌പെക്ടര്‍ പിപി ബാബുവും, സിവില്‍ പൊലീസ് ഓഫീസര്‍ കെകെ ഗിരീഷും ഉടന്‍ സ്ഥലത്ത് എത്തി.
പൊലീസുകാര്‍ സ്ത്രീ വിളിച്ച് അറിയിച്ച വീടിന് അടുത്ത് എത്തുമ്പോള്‍ തന്നെ പരാതിക്കാരിയായ സ്ത്രീ വീടിനു പുറത്ത് കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഭര്‍ത്താവ് സ്ഥിരമായി മദ്യപിച്ച് ഉപദ്രവിക്കുന്നു എന്നാണ് ഇവര്‍ പരാതി പറഞ്ഞത്. തുടര്‍ന്ന് ഭര്‍ത്താവിനെ അന്വേഷിച്ച് പൊലീസ് വീട്ടിനുള്ളില്‍ കയറി. വീട് ഉള്ളില്‍ നിന്നും പൂട്ടിയിരിക്കുകയായിരുന്നു. വിളിച്ചിട്ടും തുറക്കാതെ ജനല്‍ വഴി നോക്കിയപ്പോള്‍ പൂട്ടിയ മുറിയിലെ ഫാനില്‍ തൂങ്ങി മരിക്കാന്‍ ശ്രമിക്കുകയായിരുന്നു ഭര്‍ത്താവ്.
ഇതോടെ വാതില്‍ തകര്‍ത്ത് ഉള്ളില്‍ കയറിയ പൊലീസുകാര്‍ ഇയാളെ നിലത്തിറക്കി, പൊലീസ് ജീപ്പില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. യുവാവ് ഇപ്പോള്‍ അപകട നില തരണം ചെയ്തിട്ടുണ്ടെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിക്കുന്നത്.