തിരുമ്മല്‍ കേന്ദ്രത്തിലും വീട്ടിലും വെച്ച് പീഡനം; പോക്‌സോ കേസില്‍ മോന്‍സന്റെ ജീവനക്കാരും പ്രതികളാകും
പോക്‌സോ കേസില്‍ മോന്‍സന്‍ മാവുങ്കലിന്റെ ജീവനക്കാരും പ്രതികളാകും. മോന്‍സന്റെ സഹായികളും തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കി. കലൂരിലെ തിരുമ്മല്‍ ചികിത്സാ കേന്ദ്രത്തില്‍ എട്ടോളം ഒളിക്യാമറകള്‍ സ്ഥാപിച്ചിരുന്നതായും ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നതായും പെണ്‍കുട്ടി മൊഴി നല്‍കി. മോന്‍സന്റെയും സഹായികളുടെയും അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
മോന്‍സന്റെ കലൂരിലെ മ്യൂസിയത്തോടനുബന്ധിച്ചുളള തിരുമ്മല്‍ ചികിത്സാ കേന്ദ്രത്തില്‍ വച്ചായിരുന്നു പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. തിരുമ്മുചികിത്സാ കേന്ദ്രത്തിലും കലൂരിലെ മറ്റൊരു വാടക വീട്ടിലും വച്ചാണ് പീഡനം നടന്നത്.
മോന്‍സന്റെ ഉന്നതബന്ധം ഭയന്നാണ് ഇതുവരെ പുറത്തുപറയാതിരുന്നത്. എന്നാലിപ്പോള്‍ അന്വേഷണം കൃത്യമായി നടക്കുന്നതുകൊണ്ടാണ് പരാതി നല്‍കാന്‍ തയ്യാറായതെന്നും പെണ്‍കുട്ടി പറയുന്നു.
വ്യാഴം, വെളളി ദിവസങ്ങളിലായി തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ക്രൈംബ്രാഞ്ച് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. റിമാന്‍ഡില്‍ കഴിയുന്ന മോന്‍സനെ എസിജെഎം കോടതിയുടെ അനുമതിയോടെ അറസ്റ്റ് രേഖപ്പെടുത്തും. അതോടൊപ്പം തന്നെ മോന്‍സന്റെ സഹായികളെയും അറസ്റ്റ് ചെയ്യും.
2019ലായിരുന്നു തിരുമ്മുചികിത്സാ കേന്ദ്രത്തിലെ ജീവനക്കാരിയായ പെണ്‍കുട്ടിയെ ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് മോന്‍സന്‍ കലൂരിലെ വീട്ടില്‍ താമസിപ്പിച്ചത്. അവിടെ വച്ച് നിരവധി തവണ പീഡനത്തിരയാകുകയും ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തുകയും ചെയ്തു. തന്നെക്കൂടാതെ നിരവധി പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ മോന്‍സന്റെ ലൈംഗിക ചൂഷണത്തിന് ഇരകളായിട്ടുണ്ടെന്നും മൊഴിയിലുണ്ട്.
ജീവന് ഭീഷണിയുളളതിനാലാണ് പലരും പരാതിയുമായി വരാത്തതെന്നും പെണ്‍കുട്ടി പറയുന്നു. കേസില്‍ അറസ്റ്റ് രേഖപ്പെടുത്തി മോന്‍സനെ കസ്റ്റഡിയിലെടുക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.