65 വര്‍ഷത്തെ ചരിത്രത്തിലാദ്യം; 37,000 കോടി രൂപ ലാഭവുമായി എല്‍ഐസി
ദില്ലി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഓഹരി നിക്ഷേപത്തില്‍ നിന്ന് 37,000 കോടി രൂപയുടെ ലാഭം നേടി. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 25,625 കോടി രൂപയായിരുന്നു. എല്‍ഐസിയുടെ ലാഭത്തില്‍ 44 ശതമാനം വര്‍ധനയാണുണ്ടായത്. 65 വര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് കമ്പനി ഇത്രയും ഉയര്‍ന്ന ലാഭം നേടുന്നത്.
രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര സ്ഥാപന നിക്ഷേപകനാണ് എല്‍ഐസി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇക്വിറ്റി മാര്‍ക്കറ്റില്‍ കമ്പനി 94,000 കോടി രൂപയാണ് നിക്ഷേപിച്ചത്. 34 ലക്ഷം കോടി രൂപയുടെ ആസ്തിയാണ് എല്‍ഐസി കൈകാര്യം ചെയ്യുന്നത്. പരമ്പരാഗത ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ ഉള്‍പ്പെടുന്ന ലിങ്ക് ചെയ്യാത്ത പോര്‍ട്ട്ഫോളിയോയില്‍ നിന്നാണ് എല്‍ഐസിയ്ക്ക് പ്രധാനമായും ലാഭം ലഭിച്ചത്.
എല്‍ഐസിയുടെ റെക്കോര്‍ഡ് ലാഭം കമ്പനിയുടെ പോളിസി ഹോള്‍ഡര്‍മാര്‍ക്ക് ശുഭ സൂചനയാണ് നല്‍കുന്നത്. കാരണം ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് മികച്ച ബോണസും നിക്ഷേപത്തില്‍ നിന്നുള്ള വരുമാനവും ലഭിക്കും. ഇതുകൂടാതെ എല്‍ഐസിയില്‍ നിന്ന് സര്‍ക്കാരിനും ഉയര്‍ന്ന ലാഭവിഹിതം ലഭിക്കും.കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലെ ഇക്വിറ്റി മാര്‍ക്കറ്റുകളുടെ ശക്തമായ പ്രകടനമാണ് എല്‍ഐസിയെ റെക്കോര്‍ഡ് ലാഭം നേടാന്‍ സഹായിച്ചത്.
ഇന്‍ഫ്രാസ്ട്രക്ചര്‍, റിയല്‍ എസ്റ്റേറ്റ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഓട്ടോമൊബൈല്‍, ലോഹങ്ങള്‍, ഖനനം, ഹാര്‍ഡ്വെയര്‍, വിനോദം, സേവനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ നിന്നുള്ള കമ്പനികളിലാണ് പ്രധാനമായും നിക്ഷേപം നടത്തിയതെന്ന് എല്‍ഐസി മാനേജിങ് ഡയറക്ടര്‍ മുകേഷ് കുമാര്‍ ഗുപ്ത പറഞ്ഞു.