മലപ്പുറം : താനൂര്‍ ബോട്ടപകടവുമായി ബന്ധപ്പെട്ട് തുറമുഖ മന്ത്രിയുടെ ഓഫീസിനെതിരെ മൊഴി നല്‍കിയ മാരിടൈം ബോര്‍ഡ് സിഇഒയ്ക്ക് കസേര തെറിച്ചു. തുറമുഖ വകുപ്പ് മന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ സംബന്ധിച്ച് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയ കേരള മാരിടൈം ബോര്‍ഡ് സി ഇ ഒ ടി.പി സലീം കുമാറിനെ തല്‍സ്ഥാനത്തു നിന്ന് നീക്കി. അപകടമുണ്ടാക്കിയ ബോട്ടിന് ലൈസന്‍സ് കിട്ടാന്‍ മന്ത്രി അഹമ്മദ് ദേവര്‍ കോവിലിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വിളിച്ചെന്ന് ക്രൈംബ്രാഞ്ചിന് ടി പി സലീം കുമാര്‍ നല്‍കിയ മൊഴിയും പുറത്തുവന്നു.
താനൂര്‍ ബോട്ട് ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പൊലീസ് സംഘത്തിന് മുന്നിലാണ് മാരിടൈം സി ഇ ഒ മൊഴി നല്‍കിയത്. മുന്‍കൂര്‍ അനുമതിയില്ലാതെ നിര്‍മിച്ച അത്‌ലാന്റിസ് ബോട്ടിന് അനുമതി കിട്ടാന്‍ മന്ത്രി അഹമ്മദ് ദേവര്‍ കോവിലിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അന്‍വര്‍ സാദത്ത് വിളിച്ചെന്നായിരുന്നു ടിപി സലീം കുമാറിന്റെ മൊഴി. മാത്രവുമല്ല മത്സ്യബന്ധന ബോട്ടായി രൂപകല്‍പന ചെയ്ത അത്‌ലാന്റിസ്, ടൂറിസം ആവശ്യത്തിലേക്ക് മാറ്റുകയായിരുന്നെന്ന് അറിഞ്ഞിരുന്നില്ലെന്നും സിഇഒ ക്രൈംബ്രാഞ്ചിനോട് പറഞ്ഞിരുന്നു. അപകടത്തിന്റെ ഉത്തരവാദിത്വം ഉദ്യോഗസ്ഥരുടെ തലയില്‍ച്ചാരി രക്ഷപെടാന്‍ ഭരണ നേതൃത്വം ശ്രമിക്കുന്നെന്ന ആരോപണത്തിനിടെയാണ് മാരിടൈം സിഇഒയുടെ മൊഴി തുറമുഖ വകുപ്പ് മന്ത്രിയുടെ ഓഫീസിന് തിരിച്ചടിയായത്.
ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഉദ്യോഗസ്ഥനായ സലീംകുമാറിനെ തല്‍സ്ഥാനത്തുനിന്ന് നീക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഡപ്യൂട്ടേഷന്‍ വ്യവസ്ഥയിലായിരുന്നു ഇദ്ദേഹം നേരത്തെ കേരളത്തിലേക്ക് എത്തിയത്. മാരിടൈം സിഇഒ ആയി പൊതുഭരണവകുപ്പ് അഡീഷണല്‍ സെക്രട്ടറി ഷൈന്‍ എ ഹഖിനെ നിയമിക്കുകയും ചെയ്തു. മാരിടൈം ബോര്‍ഡും സര്‍ക്കാരുമായുളള ബന്ധം മെച്ചപ്പെടുത്തുന്നതടക്കം ഭരണനവീകരണത്തിന്റെ ഭാഗമായിട്ടാണ് നിയമനമെന്നാണ് വിമര്‍ശനം.
ഐഎസ്ആര്‍ഒ പരീക്ഷ തട്ടിപ്പിന് പിന്നില്‍ വന്‍ സംഘം, മുഖ്യപ്രതി കോച്ചിംഗ് സെന്റര്‍ നടത്തിപ്പുകാരന്‍, വാങ്ങുന്നത് വന്‍ തുക
താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ അപകടം വരുത്തിയ ബോട്ടില്‍ 37 പേരാണ് ഉണ്ടായിരുന്നതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 22 പേര്‍ക്ക് സഞ്ചരിക്കാന്‍ ശേഷിയുള്ള ബോട്ടിലാണ് 37 പേരെ കയറ്റിയത്. ആളുകളെ അശാസ്ത്രീയമായി കുത്തിനിറച്ചതാണ് അപകട കാരണമെന്ന് നേരത്തെ പുറത്ത് വന്ന റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ബോട്ടിന്റെ ഡക്കില്‍ പോലും ആളുകളെ കയറ്റിയായിരുന്നു സര്‍വീസ് നടത്തിയത്. ഡ്രൈവര്‍ക്ക് ലൈസന്‍സും ഉണ്ടായിരുന്നില്ല. ഇത്തരത്തില്‍ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയതാണ് വന്‍ ദുരന്തത്തിന് കാരണമെന്നും നേരത്തെ വ്യക്തമായിരുന്നു. ബോട്ടുടമയ്ക്ക് നിയമലംഘനങ്ങള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ സഹായം ലഭിച്ചിരുന്നു. ബോട്ടിന് രജിസ്‌ട്രേഷന്‍ ലഭിക്കാന്‍ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഇടപെട്ടിരുന്നു. ഈ വിവരം പൊലീസിന് മൊഴി നല്‍കിയ മാരിടൈം ബോര്‍ഡ് സിഇഒയെ ആണ് ഇപ്പോള്‍ മാറ്റിയത്.