ഈ നമ്പറില്‍ ഇനി മിസ്ഡ് കോള്‍ ചെയ്ത് ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യാം
കൊച്ചി: ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യാന്‍ ഇനി അധികം ബുദ്ധിമുട്ടേണ്ട. ഇനി ഒരൊറ്റ മിസ്ഡ് കോളിലൂടെ ഉപയോക്താക്കള്‍ക്ക് സിലിണ്ടറുകള്‍ ബുക്ക് ചെയ്യാനാകും. കഴിഞ്ഞദിവസമാണ് സിലിണ്ടറുകള്‍ ബുക്ക് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ മിസ്ഡ് കോള്‍ സൗകര്യം ആരംഭിച്ചത്. രാജ്യത്തൊട്ടാകെ എല്‍പിജി സിലിണ്ടറുകളുടെ തടസ്സരഹിതമായ ബുക്കിങ് ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇന്നലെ ഭുവനേശ്വറില്‍ നടന്ന പരിപാടിയില്‍ പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.
ഗ്യാസ് സിലിണ്ടര്‍ റീഫില്‍ ബുക്കിംഗിനായി ഉപഭോക്താക്കള്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്ന് 8454955555 എന്ന നമ്പറിലാണ് മിസ്ഡ് കോള്‍ നല്‍കേണ്ടത്. ഇതോടെ എല്‍പിജി റീഫില്‍ കണക്ഷന്‍ ബുക്കിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് കാണിച്ച് ഉപഭോക്താവിന് ഒരു സന്ദേശം ലഭിക്കും. ഐവിആര്‍എസ് ബുക്കിങ് സൗകര്യവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉപഭോക്താവിന് എളുപ്പത്തിലും വേഗത്തിലും ഗ്യാസ് ബുക്ക് ചെയ്യാനാകും എന്നതാണ് മിസ്ഡ് കോള്‍ റീഫില്‍ ബുക്കിംഗ് സൗകര്യം കൊണ്ടുള്ള പ്രധാനഗുണം.
ദീര്‍ഘനേരം കോള്‍ ചെയ്ത് നില്‍കേണ്ടതിന്റെയോ കോള്‍ നിരക്കുകള്‍ നല്‍കേണ്ടതിന്റേയോ ആവശ്യമില്ല. സമയ ലാഭമാണ് മറ്റൊരു ഗുണം. മുതിര്‍ന്ന പൗരന്‍മാര്‍ ഉള്‍പ്പടെ എല്ലാ പ്രായക്കാര്‍ക്കും എളുപ്പത്തില്‍ ഗ്യാസ് ബുക്ക് ചെയ്യാം. ഗ്രാമത്തിലുള്ളവര്‍ക്കും നഗരത്തിലുള്ളവര്‍ക്കും പദ്ധതി ഒരുപോലെ ഗുണം ചെയ്യും. ഡിജിറ്റല്‍ ഇന്ത്യ ദൗത്യം വിജയിച്ചതിന്റെ ഉത്തമ ഉദാഹരണമാണ് ഈ മിസ്ഡ് കോള്‍ സൗകര്യം എന്ന് പെട്രോളിയം മന്ത്രി പറഞ്ഞു.
ഓരോ പൗരനും തുല്യമായി സേവനങ്ങള്‍ ലഭ്യമാക്കുന്നതിലും പൗരന്മാരുടെ ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും സര്‍ക്കാര്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. ഭുവനേശ്വറില്‍ ആരംഭിക്കുന്ന ഈ സേവനം ഉടന്‍ തന്നെ രാജ്യമെമ്പാടും വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുകൂടാതെ എല്‍പിജി സിലിണ്ടറിന്റെ വിതരണ കാലയളവ് ഒരു ദിവസമോ അല്ലെങ്കില്‍ മണിക്കൂറോ ആയി ചുരുക്കണമെന്ന് ഗ്യാസ് ഏജന്‍സികളോടും വിതരണക്കാരോടും അദ്ദേഹം ആവശ്യപ്പെട്ടു.