തൃശ്ശൂര്‍: മലയാളത്തിന്റെ ഭാവഗായകന്‍ പി ജയചന്ദ്രന് അവസാന യാത്രയപ്പ് നല്‍കാനൊരുങ്ങി നാട്. ജയചന്ദ്രന്റെ ഭൗതിക ദേഹം തൃശ്ശൂരിലെ സം?ഗീത നാടക അക്കാദമി ഹാളില്‍ പൊതുദര്‍ശനത്തിനെത്തിച്ചു. പ്രിയഗായകനെ അവസാനമായി കാണാന്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഇവിടെ എത്തിയിരിക്കുന്നത്. കലാമണ്ഡലം ഗോപിയാശാന്‍ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. സഹോദരനെ നഷ്ടപ്പെട്ട വേദന എന്നായിരുന്നു ഗായകന്‍ യേശുദാസിന്റെ പ്രതികരണം. മന്ത്രി കെ രാജന്‍, മന്ത്രി ആര്‍ ബിന്ദു, ജയരാജ് വാര്യര്‍, മനോജ് കെ ജയന്‍, ഔസേപ്പച്ചന്‍, വിദ്യാധരന്‍ മാസ്റ്റര്‍, തുടങ്ങി ചലച്ചിത്ര സാംസ്‌കാരികരംഗത്തെ നിരവധി പേരാണ് അന്തിമോപചാരമര്‍പ്പിക്കാനെത്തിയത്.
ഇന്ന് രാവിലെ എട്ട് മണിയോടെ തൃശ്ശൂര്‍ അമല ആശുപത്രിയില്‍ നിന്ന് പൂങ്കുന്നത്തെ വീട്ടിലെത്തിച്ച ഭൗതികദേഹത്തിന് അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ നിരവധി പേരെത്തി. വീട്ടിലേക്കെത്തിക്കാന്‍ വൈകിയതിനാല്‍ സംഗീത അക്കാദമിയിലെ പൊതുദര്‍ശന സമയത്തിലും മാറ്റം വന്നു. 10 മുതല്‍ 12 വരെ എന്നാണ് ആദ്യമറിയിച്ചിരുന്നത്.
11.15 ഓട് കൂടിയാണ് അക്കാദമി ഹാളില്‍ ഭൗതികദേഹം എത്തിച്ചത്. ജനിച്ച നാട് എറണാകുളം ആണെങ്കിലും ഗായകനെന്ന നിലയില്‍ ജയചന്ദ്രനില്‍ സ്വാധീനം ചെലുത്തിയ നാട് തൃശ്ശൂരാണ്. അതുകൊണ്ട് തന്നെ പ്രിയഗായകനെ അവസാനമായി ഒരുനോക്ക് കാണാന്‍ ആളുകളെത്തിക്കൊണ്ടിരിക്കുകയാണ്. പി ജയചന്ദ്രനുമായി ആത്മ സൗഹൃദമുള്ള ശ്രീകുമാരന്‍ തമ്പി അക്കാദമി ഹാളിലെത്തിയിരുന്നു. പി ജയചന്ദ്രന്‍ പാടിയ പാട്ടുകളിലേറെയും ശ്രീകുമാരന്‍ തമ്പിയുടേതായിരുന്നു. ബാലചന്ദ്ര മേനോന്‍, സംഗീജ്ഞന്‍ പ്രകാശ് ഉള്ള്യേരി, സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ ഇവിടെ എത്തിയിരുന്നു. ഏറെ വൈകാരികമായ രംഗങ്ങളാണ് അക്കാദമി ഹാളിലുണ്ടായത്.
അക്കാദമി ഹാളിന്റെ പശ്ചാത്തലത്തില്‍ മുഴങ്ങിയിരുന്നത് ജയചന്ദ്രന്‍ പാടിയ പാട്ടുകളായിരുന്നു. അദ്ദേഹത്തിന്റെ ഭൌതിക ശരീരം എത്തിക്കുന്നതിന് മുന്‍പ് തന്നെ ആളുകള്‍ എത്തിത്തുടങ്ങിയിരുന്നു. പ്രിയഗായകന്റെ അപ്രതീക്ഷിത വിയോഗത്തില്‍ നാടും നാട്ടുകാരും ഒരുപോലെ സങ്കടത്തിലാണ്. നാളെ ഉച്ച കഴിഞ്ഞ് 3 മണിക്ക് എറണാകുളം പറവൂര്‍ ചേന്ദമംഗലത്തെ വീട്ടുവളപ്പിലാണ് ജയചന്ദ്രന്റെ സംസ്‌കാരം നടക്കുക. രാവിലെ മുതല്‍ പൊതുദര്‍ശമുണ്ടാകും.