ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ച സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ വീണ്ടും കനത്ത മഴയ്ക്ക് സാധ്യത. ഡിസംബര്‍ പതിനൊന്നോടെ ന്യൂനമര്‍ദ്ദം തെക്ക് പടിഞ്ഞാറന്‍ ഉള്‍ക്കടലില്‍ ശ്രീലങ്ക - തമിഴ്‌നാട് തീരത്തിന് സമീപം എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇത് തമിഴ്‌നാട്ടില്‍ വീണ്ടുമൊരു ശക്തമായ മഴയ്ക്ക് കാരണമായേക്കാം. ഡിസംബര്‍ 11ന് മയിലാടുംതുറൈ, നാഗപട്ടണം, തഞ്ചാവൂര്‍, തിരുവാരൂര്‍, രാമനാഥപുരം ജില്ലകളിലാണ് കനത്ത മഴ മുന്നറിയിപ്പുള്ളത്. ഡിസംബര്‍ 12ന് ചെങ്കല്‍പേട്ട്, വില്ലുപുരം, കടലൂര്‍, പുതുച്ചേരി തുടങ്ങിയ പ്രദേശങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
ഫിന്‍ജാല്‍ ചുഴലിക്കാറ്റ് തമിഴ്‌നാട്ടിലും പുതുച്ചേരിയിലും വലിയ നാശം വിതച്ചിരുന്നു. പിന്നാലെയാണ് ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. തമിഴ്‌നാടിന് പുറമെ ആന്ധ്രാ പ്രദേശ്, ദക്ഷിണ കര്‍ണാടക, കേരളം, മാഹി എന്നിവിടങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഡിസംബര്‍ 13 വരെയാണ് നിലവിലെ മുന്നറിയിപ്പ്. കേരളത്തില്‍ ഡിസംബര്‍ 12ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്.