എന്തുകൊണ്ട് കൊവിഡ് വാക്സിന്‍ സൗജന്യമായി
നല്‍കുന്നില്ല: കേന്ദ്രത്തോട് ഹൈക്കോടതി
കൊച്ചി: രാജ്യത്തെ പൗരന്മാര്‍ക്ക് എന്തുകൊണ്ട് കൊവിഡ്-19 വാക്സിന്‍ സൗജന്യമായി നല്‍കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാരിനോട് കേരളാ ഹൈക്കോടതി. വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട ആശങ്കകള്‍ ചൂണ്ടിക്കാട്ടിയുള്ള പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ഭാഗത്ത് നിന്നും ചോദ്യമുയര്‍ന്നത്. വാക്സിന്‍ വിതരണത്തില്‍ കടുത്ത നിലപാട് സ്വീകരിച്ച കോടതി ഫെഡറലിസം നോക്കേണ്ട സമയമല്ല ഇതെന്ന് വ്യതമാക്കി. സംസ്ഥാനങ്ങള്‍ സൗജന്യമായി വാക്സിന്‍ നല്‍കണമെന്ന് പറയുന്നത് എന്ത് കൊണ്ടാണെന്നും കോടതി ചോദിച്ചു. ജസ്റ്റിസ് വിനോദ് രാമചന്ദ്രന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേന്ദ്രത്തോട് ചോദ്യങ്ങള്‍ ഉന്നയിച്ചത്.
സൗജന്യ വാക്സിന്‍ വിതരണത്തിന് 34,000 കോടി രൂപയാണ് ഏകദേശം വേണ്ടിവരുക. എന്നാല്‍ 54,000 കോടി രൂപ അധിക ലാഭവിഹിതമായി റിസര്‍വ് ബാങ്ക് സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. ഈ തുക സൗജന്യ വാക്സിന്‍ വിതരണത്തിനായി നല്‍കി കൂടെയെന്നും കോടതി ചോദിച്ചു.നയപരമായ വിഷയമാണെന്നും മറുപടി നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും കേന്ദ്രം കോടതിയില്‍ പറഞ്ഞു. സോളിസിറ്റര്‍ ജനറലാണ് മറുപടി നല്‍കിയത്. അതേസമയം, ജുഡീഷ്യല്‍ ഓഫിസര്‍മാരെയും കോടതി ജീവനക്കാരെയും വാക്സിന്‍ നല്‍കുന്നതിലെ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്താത്ത് എന്തുകൊണ്ടാണെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. ഇക്കര്യത്തില്‍ ബുധനാഴ്ച മറുപടി നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.