കണ്‍സ്യൂമര്‍ ഫെഡ് ഓണം - മുഹറം
വിപണന മേള ഓഗസ്റ്റ് 11 മുതല്‍ 20 വരെ
കോഴിക്കോട്: സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കണ്‍സ്യൂമര്‍ ഫെഡ് നടത്തുന്ന ഓണം - മുഹറം വിപണന മേള ആഗസ്റ്റ് 11 മുതല്‍ 20 വരെ നടക്കും. മേളയുടെ സംസ്ഥാന തല ഉദ്ഘാടനം ആഗസ്റ്റ് 11ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ്, മാനെജിംഗ് ഡയറക്ടര്‍ ഡോ.എസ്.കെ. സനില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചടങ്ങില്‍ സഹകരണ വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആദ്യ വില്‍പ്പന നിര്‍വഹിക്കും. 13 ഇനം നിത്യോപയോഗ സാധനങ്ങളാണ് സബ്‌സിഡി നിരക്കില്‍ ലഭിക്കുക.
ജയ അരിയും കുറുവ അറിയും കിലോയ്ക്ക് 25.00 രൂപ നിരക്കില്‍ ലഭ്യമാവും. കുത്തരിക്ക് 24.00 രൂപയും പച്ചരിക്ക് 23.00 രൂപയുമാണ് വില. പഞ്ചസാര 22.00, വെളിച്ചെണ്ണ 92.00, ചെറുപയര്‍ 74.00, വന്‍ കടല 43.00, ഉഴുന്ന് ബോള്‍ 66.00, വന്‍പയര്‍ 45.00, തുവരപ്പരിപ്പ് 65.00, മുളക് ഗുണ്ടൂര്‍ 75.00, മല്ലി 79.00 എന്നിങ്ങനെയാണ് ഓണ വിപണിയിലെ വില.
ജയഅരി, കുറുവ, കുത്തരി എന്നിവ അഞ്ചു കിലോ വീതവും പച്ചരി രണ്ടു കിലോയും പഞ്ചസാര ഒരു കിലോയും ലഭിക്കും. ബാക്കി സാധനങ്ങള്‍ 500 ഗ്രാം വീതമാണ് ലഭിക്കുക. 30 ലക്ഷം കുടുംബങ്ങളിലേക്ക് ഇതിന്റെ ആനുകൂല്യം എത്തിച്ചേരും. റേഷന്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ ഉപഭോക്താക്കള്‍ക്ക് സപ്ലൈകോയുടെ വിലവിവരപട്ടിക പ്രകാരമാണ് സാധനങ്ങള്‍ നല്‍കുന്നത്.
സംസ്ഥാനത്ത് 2000 ഓണം - മുഹറം വിപണികളാണ് കണ്‍സ്യൂമര്‍ ഫെഡ് ആരംഭിക്കുന്നത്. സബ്‌സിഡി ഉത്പ്പന്നങ്ങള്‍ക്കു പുറമെ കോസ്‌മെറ്റിക്‌സ് ഹൗസ്‌ഹോള്‍ഡ് ഉത്പ്പന്നങ്ങളും 15 മുതല്‍ 30 ശതമാനം വരെ വിലക്കുറവില്‍ കണ്‍സ്യൂമര്‍ ഫെഡ് വില്‍പ്പന നടത്തും. 55 കോടിരൂപയുടെ സബ്‌സിഡിയിനങ്ങളുടെ വില്‍പ്പനയാണ് പ്രതീക്ഷിക്കുന്നത്. നോണ്‍ സബ്‌സിഡിയിനത്തില്‍ 70 കോടി രൂപയുമുള്‍പ്പെടെ മൊത്തം 125 കോടിയുടെ വില്‍പ്പന. സബ്‌സിഡി ഇനങ്ങള്‍ മാത്രമായിരിക്കില്ല ഇക്കുറി ് ഓണവിപണയില്‍ ഉണ്ടാവുക. ഒരു ഉപഭോക്താവിന് ആവശ്യമുള്ള എല്ലാ ഉത്പ്പന്നങ്ങളും ലഭ്യമാക്കും.
നഷ്ടത്തില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന കണ്‍സ്യൂമര്‍ ഫെഡിനെ കഴിഞ്ഞ നാലു വര്‍ഷം തുടര്‍ച്ചയായി ലാഭത്തില്‍ കൊണ്ടു പോകാന്‍ കഴിഞ്ഞുവെന്ന് ചെയര്‍മാന്‍ എം. മെഹബൂബ് പറഞ്ഞു. പാഴ് ചിലവുകള്‍ കുറയ്ക്കാനും മറ്റ് അനഭിലഷണീയമായ പ്രവണതകള്‍ അവസാനിപ്പിക്കാനും കഴിഞ്ഞതിലൂടെയാണ് ഇതു സാധിച്ചതെന്നു അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ കണ്‍സ്യൂമര്‍ ഫെഡ് റീജണല്‍ മാനെജര്‍ സുരേഷ് ബാബു.സി, അസിസ്റ്റന്റ് റീജണല്‍ മാനെജര്‍ പ്രവീണ്‍ വൈ.എം എ്ന്നിവരും പങ്കെടുത്തു.