ഓഹരി വിപണിയില്‍ ഉണർവ്
ഈ ആഴ്ചയുടെ തുടക്കത്തിൽ ഓഹരി വിപണിയില്‍ പുത്തനുണര്‍വ്. ഏഷ്യന്‍ സൂചികകളുടെ കുതിപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ സൂചികകളും റെക്കോര്‍ഡ് ഉയര്‍ച്ചയിലാണ് വ്യാപാരം തുടങ്ങിയിരിക്കുന്നത്. ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 427 പോയിന്റ് മുന്നേറി 51,971 എന്ന നിലയിലെത്തി. എന്‍എസ്ഇ നിഫ്റ്റി സൂചിക 129 പോയിന്റ് ചാടി 15,292 എന്ന നിലയിലും ഇടപാടുകള്‍ക്ക് തുടക്കമിട്ടു.
ആദ്യമായി സെന്‍സെക്‌സ് 52,000 മാര്‍ക്ക് പിന്നിടുന്നതിനും വിപണി ഇന്ന് സാക്ഷിയായിട്ടുണ്ട്. എന്‍ടിപിസി (1.77 ശതമാനം), ഭാരതി എയര്‍ടെല്‍ (1.44 ശതമാനം), എച്ച്‌സിഎല്‍ ടെക്‌നോളജീസ് (1.30 ശതമാനം), ആക്‌സിസ് ബാങ്ക് (1.27 ശതമാനം) അള്‍ട്രാ സിമന്റ് (1.22 ശതമാനം), ഐടിസി (1.17 ശതമാനം) ഓഹരികളാണ് രാവിലെ സെന്‍സെക്‌സില്‍ മുന്നേറി നില്‍ക്കുന്നത്. തിങ്കളാഴ്ച്ച ഏഷ്യന്‍ ഓഹരികളും നല്ല തുടക്കം സൂചിപ്പിക്കുന്നുണ്ട് .
ലോകത്തിൽ കോവിഡ് വാക്‌സിൻ വിതരണം ചെയ്യപ്പെടുന്നതും സമ്പദ്ഘടനകള്‍ തിരിച്ചുവരുന്നതുംഏഷ്യന്‍ ഓഹരികളുടെ ഉയര്‍ച്ചയ്ക്ക് കാരണമാവുന്നു. രാവിലെ ടോക്കിയോ ഓഹരി വില സൂചിക 0.7 ശതമാനവും ജപ്പാന്റെ നിക്കെയ് സൂചിക 1.2 ശതമാനവും മുന്നേറി. കൊറിയന്‍ സൂചികയായ കോസ്പി 1.5 ശതമാനം ഉയര്‍ന്നിട്ടുണ്ട്. ഓസ്‌ട്രേലിയയുടെ എഎസ്എക്‌സ് 200 സൂചിക 0.9 ശതമാനവും സിംഗപ്പൂരിലെ എസ്ജിഎക്‌സ് നിഫ്റ്റി സൂചിക 0.62 ശതമാനവും നേട്ടത്തില്‍ തുടരുന്നു.