വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ പറയാനാകില്ല;  ഹൈക്കോടതി
 


കൊച്ചി : മത്സ്യത്തൊഴിലാളികള്‍ക്ക് എന്ത് പരാതിയുണ്ടെങ്കിലും വിഴിഞ്ഞം തുറമുഖ പദ്ധതി തടസ്സപ്പെടുത്തിയാകരുത് പ്രതിഷേധമെന്ന് കേരളാ ഹൈക്കോടതി. തുറമുഖ പദ്ധതി നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം നല്‍കാനാകില്ലെന്നും കോടതി അറിയിച്ചു. മത്സ്യത്തൊഴിലാളികളുടെ സമരത്തിന് പൊലീസ് കൂട്ടുനില്‍ക്കുന്നുവെന്നും പദ്ധതി പ്രദേശത്ത് പൊലീസ് സംരക്ഷണം നല്‍കണമെന്ന് നിര്‍ദ്ദേശിക്കണമെന്നും ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ വാക്കാല്‍ പരാമര്‍ശം. മത്സ്യത്തൊഴിലാളികള്‍ക്ക് പദ്ധതിക്കെതിരെ പ്രതിഷേധം നടത്താം. എന്നാല്‍ പദ്ധതി തടസ്സപ്പെടുത്തരുത്. പദ്ധതിയെക്കുറിച്ച് പരാതി ഉണ്ടെങ്കില്‍ ഉചിതമായ സ്ഥലത്ത് ഉന്നയിക്കാം. പ്രതിഷേധം നിയമത്തിന്റെ പരിധിയില്‍ നിന്നാകണമെന്ന് നിര്‍ദ്ദേശിച്ച കോടതി, പ്രതിഷേധമുള്ളത് കൊണ്ട് നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശിക്കാന്‍ ആകില്ലെന്നും അറിയിച്ചു. 

വിഴിഞ്ഞത്ത് കേന്ദ്ര സേനയെയോ പൊലീസിനെയോ സുരക്ഷക്കായി നിയോഗിക്കണമെന്നാണ് അദാനിയും തുറമുഖ നിര്‍മ്മാണ കരാര്‍ കമ്പനിയായ ഹോവെ എഞ്ചിനിയറിംഗും നല്‍കിയ ഹര്‍ജിയിലെ ആവശ്യം. കേന്ദ്ര സേനയുടെ ആവശ്യമില്ലെന്നും സംസ്ഥാന പൊലീസ് സുരക്ഷയൊരുക്കാമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ക്രമസമാധാന പ്രശ്‌നം ഉണ്ടെങ്കില്‍ സര്‍ക്കാര്‍ സിഐഎസ്എഫ് സുരക്ഷ ആവശ്യപ്പെടണമെന്നായിരുന്നു കേന്ദ്രം കോടതിയെ അറിയിച്ചത്. വിഴിഞ്ഞത്ത് ക്രമസമാധാന നില ഉറപ്പാക്കാന്‍ നേരത്തെ പൊലീസിന് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. കേസില്‍ കക്ഷി ചേര്‍ക്കാന്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പും വൈദികരുമടക്കമുള്ളവരും കോടതിയെ സമീപിക്കും. അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് ലത്തീന്‍ അതിരൂപതയുടെ തീരുമാനം. അദാനി നല്‍കിയ ഹര്‍ജിയില്‍ തങ്ങളെ കൂടി കോടതി കേള്‍ക്കണം എന്നതാണ് ആവശ്യം. വിഴിഞ്ഞം തുറമുഖം നിര്‍മാണം മത്സ്യത്തൊഴിലാളി സമൂഹത്തിനാകെ ആപത്താണെന്ന് കാട്ടിയാണ് ലത്തീന്‍ അതിരൂപതയുടെ നീക്കം.


അതിനിടെ വിഴിഞ്ഞത്ത് തുറമുഖത്തിനെതിരായ സമരം ശക്തമാണ്. ഉപരോധ സമരത്തിന്റെ പതിനാലാം ദിവസമായ ഇന്ന്  മുതലപ്പൊഴിയില്‍ നിന്നുള്ള വള്ളങ്ങളാണ് കടല്‍ മാര്‍ഗം തുറമുഖം വളയുക. കരമാര്‍ഗ്ഗവും തുറമുഖം ഉപരോധിക്കും. സമരക്കാരുമായി ഇന്ന് മൂന്നാംവട്ട മന്ത്രിതല ചര്‍ച്ചയും നിശ്ചയിച്ചിട്ടുണ്ട്. ഇന്നലെ ലത്തീന്‍ അതിരൂപത പ്രതിനിധികള്‍ എത്താത്തതിനെ തുടര്‍ന്ന് മന്ത്രിമരുമായുള്ള ചര്‍ച്ച നടന്നിരുന്നില്ല. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media