വാള്‍ട്ട് ഡിസ്‌നി ഇന്ത്യയുടെ തലപ്പത്ത് ഇനി മലയാളി
ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ മാധ്യമ വിനോദ കോര്‍പ്പറേഷനായ വാള്‍ട്ട് ഡിസ്‌നിയുടെ ഇന്ത്യയിലെ പ്രസിഡന്റായി മലയാളിയായ കെ മാധവനെ തിരഞ്ഞെടുത്തു. വാള്‍ട്ട് ഡിസ്‌നി ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് ചെയര്‍മാന്‍ റെബേക്ക കാമ്പ്ബെല്‍ ആണ് പ്രഖ്യാപനം നടത്തിയത്. 2019 മുതല്‍ സ്റ്റാറിന്റെയും ഡിസ്‌നി ഇന്ത്യയുടെയും ടെലിവിഷന്‍, സ്റ്റുഡിയോ ബിസിനസിന്റെ മേല്‍നോട്ടം വഹിക്കുന്ന കണ്‍ട്രി മാനേജരാണ് മാധവന്‍.
വാള്‍ട്ട് ഡിസ്‌നിയുടെയും, വാള്‍ട്ട് ഡിസ്‌നിയുടെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെയും പ്രസിഡന്റായാണ് അദ്ദേഹം ചുമതലയേല്‍ക്കുക. ഡിസ്‌നി, സ്റ്റാര്‍, ഹോട്ട്സ്റ്റാര്‍ എന്നിവയിലൂടെയുള്ള വിനോദം, കായികം, പ്രാദേശിക ചാനലുകള്‍, ഉപഭോക്തൃ ബിസിനസ് തുടങ്ങിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ഇനി മാധവനാണ് നേതൃത്വം നല്‍കുക. മുംബൈ ആസ്ഥാനമായുള്ള സ്റ്റാര്‍ ഇന്ത്യയ്ക്ക് എട്ട് ഭാഷകളിലായി 58 ചാനലുകളാണുള്ളത്. ചാനല്‍ വിതരണം, പരസ്യം എന്നിവയുടെ മേല്‍നോട്ടം, എട്ട് ഭാഷകളിലുള്ള ഫിക്ഷന്‍, നോണ്‍ ഫിക്ഷന്‍, സ്‌പോര്‍ട്‌സ്, സിനിമകള്‍ എന്നിങ്ങനെ വിപുലമായ ഉള്ളടക്കം സൃഷ്ടിക്കുന്നതിന്റെ ചുമതലകളും അദ്ദേഹം വഹിക്കേണ്ടതുണ്ട്.
ഡിസ്‌നിയിലുടനീളമുള്ള സഹപ്രവര്‍ത്തകരുമായി സഹകരിച്ച് പ്രവര്‍ത്തിച്ച് ബിസിനസ് മുന്നോട്ട് കൊണ്ടുപോകാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് മാധവന്‍ പറഞ്ഞു. 2009 ലാണ് അദ്ദേഹം സ്റ്റാര്‍ ഇന്ത്യയുടെ തെക്കന്‍ മേഖലയിലെ പ്രസിഡന്റായി ചുമതലയേറ്റത്. മലയാളം ചാനലായ ഏഷ്യാനെറ്റിന്റെ വളര്‍ച്ചയ്ക്ക് പിന്നിലെ ചാലകശക്തിയായിരുന്നു അദ്ദേഹം. ഏഷ്യാനെറ്റിന്റെ 50 ശതമാനം വിപണി വിഹിതം ഉണ്ടായത് മാധവന്റെ കാലത്താണ്. 2000 മുതല്‍ 2008 വരെ ഏഷ്യാനെറ്റിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവുമായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
ഈ കാലത്ത് കേരളത്തിലെ ഏറ്റവും വലിയ കേബിള്‍ ടെലിവിഷന്‍ ശൃംഖലയായി ഏഷ്യാനെറ്റ് വളര്‍ന്നു. മാധ്യമ ജീവിതത്തിന് മുമ്പ് അദ്ദേഹം ബാങ്കിങ്, കോര്‍പ്പറേറ്റ് ധനകാര്യ മേഖലയിലായിരുന്നു സേവനമനുഷ്ഠിച്ചത്. നിലവില്‍ ബ്രോഡ്കാസ്റ്റിങ് ഫൌണ്ടേഷന്റെ പ്രസിഡന്റും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ)യുടെ ചെയര്‍മാനും കൂടിയാണ് അദ്ദേഹം.