ദില്ലി : വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര വനംമന്ത്രി ഭൂപേന്ദ്ര യാദവ്. അനധികൃത കൈയേറ്റവും ഖനനവും അനുവദിച്ചതിന്റെ ദുരന്തമാണ് വയനാട് നേരിടുന്നതെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇത്തരം പ്രവര്‍ത്തികള്‍ക്ക് നിയമവിരുദ്ധ സംരക്ഷണം നല്‍കി. ടൂറിസത്തിനായി പോലും സോണുകള്‍ ഉണ്ടാക്കിയില്ല. വളരെ സെന്‍സീറ്റാവായ പ്രദേശത്തിന് ആ പ്രധാന്യം നല്‍കിയില്ലെന്നും ഭൂപേന്ദ്ര യാദവ് കുറ്റപ്പെടുത്തി. നല്‍കിയ മുന്നറിയിപ്പുകളെല്ലാം അവഗണിച്ചു. ഭാവിയിലെങ്കിലും ഈ രീതിയിലുളള ഖനനവും മണ്ണെടുപ്പുമടക്കം ഇല്ലാതാകേണ്ടതുണ്ടെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.
പുതിയ പരിസ്ഥിതി ലോല പ്രദേശങ്ങള്‍ നിര്‍ണയിച്ചുളള വിജ്ഞാപനം കഴിഞ്ഞ 31 ന് കേന്ദ്രം പുറത്തിറക്കിയിരുന്നു. അതില്‍ അഭിപ്രായം അറിയക്കുന്നതിന് 60 ദിവസത്തെ സമയമാണ് സംസ്ഥാനങ്ങള്‍ക്ക് അടക്കം അനുവദിച്ചത്. കേരളത്തില്‍ വയനാട്ടിലെ വില്ലേജുകള്‍ അടക്കം കേരളത്തിലെ 9993 ചതുരശ്ര കിലോമീറ്ററുകള്‍ പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ വിജ്ഞാപനത്തില്‍ ഉള്‍പ്പെടുന്നു