കൊച്ചി: നടന്‍ ദിലീപിന് ശബരിമലയില്‍ വിഐപി പരിഗണന നല്‍കിയ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ദിലീപിന് വിഐപി പരിഗണന നല്‍കിയത് ഗൗരവതരമെന്നാണ് ഹൈക്കോടതി നിരീക്ഷണം. എന്ത് പ്രത്യേക പരിഗണനയാണ് ഇത്തരം ആളുകള്‍ക്കുള്ളതെന്നും കോടതി ചോദിച്ചു. ദിലീപിനായി മറ്റ് ഭക്തരെ തടഞ്ഞുവെച്ചു. ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് മറ്റ് ഭക്തര്‍ക്ക് തടസം നേരിട്ടുവെന്ന് മനസ്സിലായെന്നും കോടതി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം ദിലീപിന് സോപാനത്തിന് സമീപം ഹരിവരാസനം ചൊല്ലിത്തീരുന്നത് വരെ ദര്‍ശനത്തിന് അവസരമൊരുക്കിയതിനെതിരെ ദേവസ്വം ബെഞ്ച് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ദൃശ്യങ്ങള്‍ ഹാജരാക്കാനും ആവശ്യപ്പെട്ടിരുന്നു. ദൃശ്യങ്ങള്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് തുറന്ന കോടതിയില്‍ വെച്ച് ജസ്റ്റീസ് അനില്‍ കെ നരേന്ദ്രന്‍ പരിശോധിച്ചു കൊണ്ടിരിക്കവേ ആയിരുന്നു കോടതിയുടെ പരാമര്‍ശം. ദിലീപിനായി മറ്റ് ഭക്തരെ തടഞ്ഞെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. ഇവരെപ്പോലുള്ള ആളുകള്‍ക്ക് എന്തിന്റെ പേരിലാണ് പ്രത്യേക പരിഗണന നല്‍കുന്നത്. ഇത്തരം ആളുകള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതിന്റെ മാനദണ്ഡം എന്താണെന്നും കോടതി ചോദിച്ചു.
ഹരിവരാസനം ചൊല്ലുന്ന സമയത്ത് നിരവധി ഭക്തര്‍ അവിടെ ദര്‍ശനത്തിനായി കാത്തുനില്‍പ്പുണ്ടായിരുന്നു. ദിലീപിന്റെ ദര്‍ശനത്തിനായി ആദ്യത്തെ നിരയില്‍ തന്നെ ഭക്തരെ തടഞ്ഞു. ഇത് അനുവദിക്കാനാകില്ല. ആരാണ് ഭക്തരെ തടയാന്‍ അധികാരം നല്‍കിയത് മറ്റ് ഭക്തരെ തടഞ്ഞുകൊണ്ട് ഇത്തരം കാര്യങ്ങള്‍ അനുവദിക്കാന്‍ ഒരു ഉദ്യോഗസ്ഥനും അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സംഭവത്തില്‍ എന്ത് നടപടി സ്വീകരിച്ചുവെന്നും കോടതി ചോദിച്ചു