തേജസ് നെറ്റ്‌വര്‍ക്കിന്റെ ഓഹരികള്‍ വാങ്ങാന്‍ ടാറ്റ സണ്‍സ് ഒരുങ്ങുന്നു
മുംബൈ: ടാറ്റ സണ്‍സിന്റെ ഉപകമ്പനിയായ പനാടോണ്‍ ഫിന്‍വെസ്റ്റ് ലിമിറ്റഡ് തേജസ് നെറ്റ്വര്‍ക്കിന്റെ 43.3 ശതമാനം ഓഹരികള്‍ വാങ്ങാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. 1850 കോടി രൂപ ചെലവാക്കിയാകും കമ്പനി ഓഹരികള്‍ വാങ്ങിക്കുക. ടാറ്റ സണ്‍സിന്റെ ഇന്‍വെസ്റ്റ്‌മെന്റ് സ്ഥാപനമാണ് പനാടോണ്‍. ടാറ്റ കമ്യൂണിക്കേഷന്‍സിന്റെ പ്രൊമോട്ടര്‍ കൂടിയാണ് പനാടോണ്‍.
തേജസിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായി നിലവിലെ സഞ്ജയ് നായക് തന്നെ തുടരും. ടാറ്റ സണ്‍സിന്റെ ഭാഗമാകുന്നതോടെ വന്‍ നേട്ടങ്ങള്‍ സ്വന്തമാക്കാനാണ കമ്പനി തയാറെടുക്കുന്നത്. അതേസമയം നിലവിലെ മാനേജ്‌മെന്റ് ടീമില്‍ വലിയ മാറ്റങ്ങള്‍ക്കൊന്നും സാധ്യതയില്ല.
ഇന്ത്യയില്‍ നിന്നുള്ള ടെലികോം എക്വിപ്‌മെന്റ് കമ്പനികളില്‍ ലോകത്ത് തന്നെ മുന്നിലെത്തുകയാണ് തേജസിന്റെ ലക്ഷ്യമെന്നും ടാറ്റ സണ്‍സുമായി ചേരുന്നതോടെ കൂടുതല്‍ ശക്തമായി മുന്നേറാന്‍ കമ്പനിക്ക് സാധിക്കുമെന്നും തേജസിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ സഞ്ജയ് നായക് പ്രതികരിച്ചു.