സിപിഎം രോഷത്തിനു പുല്ലു വില
അതുക്കും മേലെ ജലീലിന്റെ നിലപാട്
ഇഡിക്കു മുന്നില്‍ ഇന്ന് ഹാജരാവും
കൊച്ചി: സിപിഎം തളളിപ്പറഞ്ഞെങ്കിലും പികെ കുഞ്ഞാലിക്കുട്ടിയുള്‍പ്പെട്ട കളളപ്പണക്കേസില്‍ തെളിവ് നല്‍കാന്‍ മുന്‍ മന്ത്രി കെ.ടി.ജലീല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ ഇന്ന് വീണ്ടും ഹാജരാകും. ചന്ദ്രികയുടെ മറവിലൂടെ നടത്തിയ കളളപ്പണ ഇടപാടിലടക്കം ലീഗീനും കുഞ്ഞാലിക്കുട്ടിക്കും എതിരായി കൈവശമുളള തെളിവുകള്‍ ഹാജരാക്കാന്‍ ഇഡി ജലീലിനോട് ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞയാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരായി ജലീല്‍ നല്‍കിയ മൊഴിയുടെ തുടര്‍ച്ചയായിട്ടാണ് വീണ്ടും വിളിപ്പിച്ചിരിക്കുന്നത്. മലപ്പുറത്തെ എ.ആര്‍ നഗര്‍ സഹകരണബാങ്കിലെ കുഞ്ഞാലിക്കുട്ടിയുടെ നിക്ഷേപവുമായി ബന്ധപ്പെട്ടും ജലീല്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതിലും ഇഡിക്ക് തെളിവ് നല്‍കുമെന്ന ജലീലിന്റെ പ്രസ്താവനയാണ് മുഖ്യമന്ത്രിയേയും സിപിഎമ്മിനേയും ചൊടിപ്പിച്ചത്. സഹകരണമേഖലയില്‍ കടന്നുകയറാന്‍ കേന്ദ്ര ഏജന്‍സിക്ക് ജലീല്‍ വഴിയൊരുക്കിയെന്നാണ് പ്രധാന വിമര്‍ശനം. എന്നാല്‍ താന്‍ അങ്ങോട്ട് പോയി തെളിവ് കൊടുക്കുകയല്ല ഇ.ഡി നല്‍കിയ നോട്ടീസിന്റെ അടിസ്ഥാനത്തില്‍ ഹാജരാവുകയാണെന്നാണ് ജലീലിന്റെ നിലപാട്.