പെട്രോള്‍ വില 75 രൂപയായും ഡീസല്‍ 68ലേക്കും കുറയുമോ? നl ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന്
ന്യൂഡൽഹി: 45-ാമത് ജിഎസ്ടി കൗൺസിൽ യോഗം ഇന്ന് ചേരും. പെട്രോൾ-ഡീസൽ നികുതി നിരക്ക് സംബന്ധിച്ച് ജിഎസ്ടി കൗൺസിൽ യോഗം ചർച്ച ചെയ്യും. പെട്രോൾ, ഡീസൽ, പ്രകൃതി വാതകം, വിമാന ഇന്ധനം എന്നിവ ജിഎസ്ടിയിൽ ഉൾപ്പെടുത്തി വില കുറക്കാനുള്ള തീരുമാനം കൗൺസിലിൽ ഉണ്ടാകുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
ജിഎസിടിയിൽ ഉൾപ്പെടുത്താനുള്ള തീരുമാനം വന്നാൽ രാജ്യത്ത് പെട്രോൾ വില 75 രൂപയിലേക്കും ഡീസൽ വില 68 രൂപയിലേക്കെങ്കിലും കുറയും എന്നാണ് വിലയിരുത്തപ്പെടുന്നത്. നൂറ് കടന്ന കുതിക്കുന്ന ഇന്ധന വില ജിഎസ്ടിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. പെട്രോളും ഡീസലും ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കണമെന്ന് കേരള ഹൈക്കോടതിയും നിർദേശിച്ചിരുന്നു.
ജിഎസ്ടി സംവിധാനത്തിൽ മാറ്റം വരുത്താൻ പാനലിലുളള നാലിൽ മൂന്ന് അംഗങ്ങളുടെ അനുമതി വേണം. സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും പ്രതിനിധികൾ ആണ് കൗൺസിൽ അംഗങ്ങൾ. ഇന്ധന വരുമാനം ഇല്ലാതാകുന്നതിനെ പല സംസ്ഥാനങ്ങളും ശക്തമായി എതിർത്തേക്കും. കേരളം എതിർപ്പ് ഉന്നയിച്ച വെളിച്ചണ്ണയുടെ ജിഎസ്ടി നിരക്ക് ഉയർത്തുന്നതും യോഗം ഇന്ന് പരിഗണിക്കും. ഓൺലൈനിലൂടെ വിതരണം ചെയ്യുന്ന ഭക്ഷണത്തിന് ജിഎസ്ടി ചുമത്തണമെന്ന ആവശ്യവും കൗൺസിലിന് മുന്നിലെത്തും.