കാസര്‍കോട്: സംസ്ഥാനത്ത് ഭക്ഷ്യ വിഷബാധയേറ്റ് വീണ്ടും മരണം. കാസര്‍ക്കാട് തലക്ലായിലെ അഞ്ജുശ്രീ പാര്‍വ്വതിയാണ് മരിച്ചത്. കാസര്‍കോട്ടെ അല്‍ റൊമന്‍സിയ ഹോട്ടലില്‍ നിന്നും ഓണ്‍ലൈനില്‍ വരുത്തിച്ച കുഴിമന്തി കഴിച്ചതോടെയാണ് ശാരീരിക അസ്വസ്ഥത ആരംഭിച്ചത്. ഇവര്‍ക്ക് പുറമെ കൂടുതല്‍ പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ജനുവരി ഒന്ന് മുതല്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗലാപുരത്തും ചികിത്സയിലായിരുന്നു.
എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കുട്ടിയുടെ ബന്ധുക്കള്‍ മേല്‍പ്പറമ്പ് പൊലീസില്‍ പരാതി നല്‍കി. പുതുവര്‍ഷ ദിവസമാണ് ഇവര്‍ ഓണ്‍ലൈനായി കുഴിമന്തി വാങ്ങിയത്. 19 വയസായിരുന്നു പെണ്‍കുട്ടിക്കെന്നാണ് വിവരം. പുതുവര്‍ഷ ദിവസം മുതല്‍ പെണ്‍കുട്ടി ചികിത്സയിലായിരുന്നു. നില വഷളായപ്പോഴാണ് മംഗലാപുരത്തേക്ക് മാറ്റിയത്. കഴിഞ്ഞ മെയ് മാസത്തിലും കാസര്‍കോട് ഭക്ഷ്യവിഷബാധയേറ്റ് മരണം സംഭവിച്ചിരുന്നു. അന്ന് ചെറുവത്തൂരില്‍ 16 വയസുകാരിയായ ദേവനന്ദയെന്ന പെണ്‍കുട്ടിയുടെ മരണം സംസ്ഥാനത്തെയാകെ ദുഖിപ്പിച്ചിരുന്നു.