ഇനി മദ്യം വീട്ടിലെത്തിച്ച് നല്‍കും; സുപ്രധാന തീരുമാനവുമായി ഡല്‍ഹി സര്‍ക്കാര്‍
ദില്ലി: കൊവിഡ് കേസുകള്‍ കുറഞ്ഞ് തുടങ്ങിയതിന് പിന്നാലെ മദ്യം വീട്ടിലെത്തിച്ച് നല്‍കാന്‍ തീരുമാനിച്ച് ഡല്‍ഹി സര്‍ക്കാര്‍. ഇതിനായി എക്‌സൈസ് നിയമത്തില്‍ ഡല്‍ഹി ഭേദഗതി വരുത്തിയിരിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ മദ്യശാലകള്‍ അടഞ്ഞ് കിടക്കുകയാണ്. ഇതോടെ മദ്യം ഹോം ഡെലിവറി ഉണ്ടാകുമോയെന്ന ചോദ്യം കേരളത്തില്‍ നിന്ന് ഉള്‍പ്പെടെ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മദ്യം വീട്ടിലെത്തിച്ച് നല്‍കാന്‍ ഡല്‍ഹി തീരുമാനിച്ചത്. വിശദാംശങ്ങളറിയാം.
മദ്യം വീട്ടിലെത്തിച്ച് നല്‍കാന്‍ ഡല്‍ഹി നിലവിലെ നിയമങ്ങളില്‍ ഭേദഗതി വരുത്തിയിരിക്കുകയാണ്. 2010ലെ എക്സൈസ് നിയമത്തിലാണ് ഭേദഗതി വരുത്തിയത്. ഡല്‍ഹി എക്‌സൈസ് (ഭേദഗതി) റൂള്‍സ് 2021 പ്രകാരം എല്‍- 13 ലൈസന്‍സുള്ളവര്‍ക്കാണ് മദ്യം വീടുകളില്‍ എത്തിച്ച് നല്‍കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇതുപ്രകാരം ഇന്ത്യന്‍, വിദേശ നിര്‍മ്മിത മദ്യം ഹോം ഡെലിവറി ചെയ്യാന്‍ കഴിയും
മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ഓണ്‍ലൈന്‍ വെബ് പോര്‍ട്ടല്‍ വഴിയുമാണ് മദ്യത്തിന് ഹോം ഡെലിവറിക്ക് ഓര്‍ഡര്‍ നല്‍കാന്‍ കഴിയുക. ആപ് വഴിയും വെബ്സൈറ്റ് വഴിയും ലഭിക്കുന്ന ഓര്‍ഡര്‍റുകള്‍ക്ക് അനുസരിച്ച് മാത്രമേ ഹോം ഡെലിവറി അനുവദിക്കുകയുള്ളൂ. മറ്റൊരു വഴിയിലൂടെയും മദ്യം ഹോം ഡെലിവറി ചെയ്യാനാകില്ല.
നിയമ ഭേദഗതി പ്രകാരം വീടുകളില്‍ മദ്യം എത്തിച്ച് നല്‍കുമെങ്കിലും ഹോസ്റ്റലുകള്‍, ഓഫിസുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഹോം ഡെലിവറി ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. നിയമ പ്രകാരം എല്ലാ മദ്യശാലകള്‍ക്കും ഹോം ഡെലിവറിക്ക് അനുമതി ഇല്ലെന്നതും ശ്രദ്ധേയമാണ് എല്‍- 13 ലൈസന്‍സുള്ളവര്‍ക്ക് മാത്രമാണ് ഹോം ഡെലിവറി ചെയ്യാന്‍ കഴിയുക.