ഫോർഡ് ഇന്ത്യക്ക് തുണയായി ടാറ്റ മോട്ടോർസ്
ഇന്ത്യ വിടാൻ തീരുമാനിച്ച ഫോഡ് കമ്പനിയുടെ ഗുജറാത്തിലെയും ചെന്നൈയിലും പ്ലാന്റുകൾ ടാറ്റാ മോട്ടോഴ്സ് ഏറ്റെടുത്തേക്കും. ഇതു സംബന്ധിച്ച പ്രാരംഭ ചർച്ചകൾ പൂർത്തിയായി. എന്നാൽ, കമ്പനി ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും ടാറ്റ സൺസ് ചെയർമാൻ എൻ.ചന്ദ്രശേഖരനുമായി നടത്തിയ കൂടിക്കാഴ്ചയിലാണു ചെന്നൈ പ്ലാന്റ് വിഷയം ചർച്ചയായത്.
ഗുജറാത്തിലെ സാനന്ദിൽ ടാറ്റയ്ക്കും ഫോഡ് ഇന്ത്യയ്ക്കുമുള്ള വാഹനനിർമാണ പ്ലാന്റുകൾ തമ്മിൽ അധികദൂരമില്ല. ടിയാഗോ, ടിഗോർ എന്നിവയാണ് അവിടെ ടാറ്റ പ്രധാനമായി നിർമിക്കുന്നത്. ഫോഡ് നിർമിച്ചിരുന്നത് ഫിഗോ, ഫ്രീസ്റ്റൈൽ, ആസ്പയർ മോഡലുകളും. തങ്ങളുടെ ചെറു കാറുകൾക്കു യോജിച്ച പ്ലാന്റാണ് ഇതെന്നാണു ടാറ്റയുടെ വിലയിരുത്തൽ. ചെന്നൈ പ്ലാന്റിൽ ഫോഡ് മുൻപ് ഇക്കോസ്പോർട്, എൻഡവർ എന്നീ സ്പോർട്സ് യൂട്ടിലിറ്റി (എസ്‌യുവി) വാഹനങ്ങളാണു നിർമിച്ചിരുന്നത്.
ടാറ്റയുടെ എസ്‌യുവികൾക്കു ഈ പ്ലാന്റ് യോജിക്കുമോ എന്ന വിലയിരുത്തൽ നടക്കുന്നു. ഫോഡ് ഇന്ത്യയിലെ ഉന്നതൻ ഏതാനും ദിവസം മുൻപു രാജി വച്ച് ടാറ്റയിൽ എത്തിയതും ഏറ്റെടുക്കൽ അഭ്യൂഹങ്ങൾക്ക് ശക്തി പകരുന്നു. ചെന്നൈ പ്ലാന്റ് ഏറ്റെടുക്കാനായി സ്റ്റാലിൻ ക്ഷണിച്ചെന്നും കൂടിക്കാഴ്ച നടന്നെന്നും ടാറ്റ അധികൃതർ സമ്മതിക്കുന്നുണ്ടെങ്കിലും മറ്റു കാര്യങ്ങളിൽ പ്രതികരിക്കാൻ തയാറായിട്ടില്ല.