പ്രവാസികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ്; കുവൈറ്റ് നിയന്ത്രണങ്ങള്‍ ശക്തമാക്കിയേക്കും
കുവൈറ്റ് സിറ്റി: പ്രവാസികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നതില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ കുവൈറ്റ് ഭരണകൂടം ആലോചിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ട്രാഫിക് വിഭാഗം സമര്‍പ്പിച്ച ശുപാര്‍ശ ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലഫ്റ്റനന്റ് ജനറല്‍ ശെയ്ഖ് ഫൈസല്‍ അല്‍ നവാഫ്, മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു.
പ്രവാസികള്‍ക്ക് പുതിയ ഡ്രൈവിംഗ് ലൈസന്‍സുകള്‍ നല്‍കുന്നത് നിര്‍ത്തണമെന്ന രീതിയിലാണ് ട്രാഫിക് വിഭാഗം ശുപാര്‍ശ നല്‍കിയിരിക്കുന്നത്. രാജ്യത്തെ റോഡുകളിലെ വാഹനപ്പെരുപ്പവും വാഹന അപകടങ്ങളും കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് അധികൃതര്‍ പറയുന്നത്. ട്രാഫിക് വിഭാഗത്തിന്റെ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്തതായി അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. പ്രവാസികള്‍ക്ക് ഡ്രൈവിംഗ് ലൈന്‍സന്‍സ് നല്‍കുന്നത് നിര്‍ത്തിവയ്ക്കുന്നതിന്റെ ഗുണവും ദോഷവും യോഗം ചര്‍ച്ച ചെയ്തുവെങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല.
പ്രവാസികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നത് പൂര്‍ണമായി നിര്‍ത്തിവയ്ക്കുന്നതിന് പകരം, അതിനുള്ള നിബന്ധനകള്‍ കൂടുതല്‍ കര്‍ക്കശമാക്കാനാണ് അണ്ടര്‍ സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തെ കുറിച്ച് കൂടുതല്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി ഒരു പ്രത്യേക സമിതിക്ക് യോഗം രൂപം നല്‍കിയതായും പത്രം റിപ്പോര്‍ട്ട് ചെയ്തു. അതോടൊപ്പം അടുത്ത കാലത്തായി പ്രവാസികള്‍ക്ക് അനുവദിച്ച ഡ്രൈവിംഗ് ലൈസന്‍സുകളുടെ എണ്ണവും അത് രാജ്യത്തെ ഗതാഗത സംവിധാനങ്ങളിലുണ്ടാക്കിയ പ്രതിഫലനവും പഠനവിധേയമാക്കി റിപ്പോര്‍ട്ട് നല്‍കാനും അണ്ടര്‍ സെക്രട്ടറി ബന്ധപ്പെട്ടവര്‍ക്കു നിര്‍ദ്ദേശം നല്‍കി.