ബാങ്ക് ഇടപാടുകള്‍ക്കുള്ള നിരക്ക് വര്‍ധിപ്പിച്ചു; പുതുക്കിയ നിരക്ക് ഓഗസ്റ്റ് ഒന്നുമുതല്‍ നിലവില്‍ വരും
ഡെല്‍ഹി: ബാങ്ക് ഇടപാടുകള്‍ക്കുള്ള നിരക്ക് ആര്‍ബിഐ വര്‍ധിപ്പിച്ചു. ഓഗസ്റ്റ് ഒന്നുമുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരും. സാമ്പത്തിക ഇടപാടുകള്‍ക്ക് 15 രൂപയില്‍ നിന്ന് 17 രൂപയായും മിനി സ്റ്റേറ്റ്‌മെന്റ് എടുക്കല്‍, ബാലന്‍സ് പരിശോധിക്കല്‍ തുടങ്ങി സാമ്പത്തികേതര ഇടപാടുകള്‍ക്ക് 5 രൂപയില്‍ നിന്ന് 6 രൂപയായുമാണ് വര്‍ധിപ്പിച്ചത്. എടിഎം ഇടപാടുകളില്‍ ബാങ്കുകള്‍ക്ക് ഈടാക്കാന്‍ കഴിയുന്ന ഇന്റര്‍ചേഞ്ച് ഫീസ് റിസര്‍വ് ബാങ്ക് അടുത്തിടെ ഉയര്‍ത്തിയിരുന്നു.
ഓരോ മാസവും സ്വന്തം ബാങ്ക് ശാഖാ എടിഎമ്മുകളില്‍ നിന്ന് സാമ്പത്തിക, സാമ്പത്തികേതര ഇടപാടുകള്‍ ഉള്‍പ്പെടെ അഞ്ച് സൗജന്യ ഇടപാടുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. മറ്റ് ബാങ്ക് എടിഎമ്മുകളില്‍ നിന്നുള്ള സൗജന്യ ഇടപാടുകള്‍ക്കും അവര്‍ അര്‍ഹരായിരിക്കും. ഇതില്‍ മെട്രോ നഗരങ്ങളില്‍ മൂന്ന് ഇടപാടുകളും മറ്റിടങ്ങളില്‍ അഞ്ച് ഇടപാടുകളും സൗജന്യമായി നടത്താം. ഒപ്പംതന്നെ അടുത്ത വര്‍ഷം ജനവരി ഒന്ന് മുതല്‍ മറ്റ് ഇടപാടുകള്‍ക്ക് ഉള്ള ചാര്‍ജ് 20 ല്‍ നിന്ന് 21 രൂപയായും ആര്‍ബിഐ വര്‍ധിപ്പിച്ചിട്ടുണ്ട്.
ഏഴ് വര്‍ഷത്തിന് ശേഷമാണ് എടിഎം ഇടപാടുകളുടെ നിരക്കുകള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. എടിഎം ഇടപാടുകള്‍ക്കുള്ള ഇന്റര്‍ചേഞ്ച് ഫീസ് ഘടനയില്‍ അവസാനമായി മാറ്റം വരുത്തിയത് 2012 ഓഗസ്റ്റിലാണ്. അതേസമയം മറ്റ് ഇടപാടുകള്‍ അവസാനമായി പരിഷ്‌കരിച്ചത് 2014 ആഗസ്റ്റിലാണ്. എടിഎം സ്ഥാപിക്കുന്നതിനും മറ്റ് അറ്റകുറ്റപ്പണികള്‍ക്കും ഈടാക്കുന്ന ചര്‍ജ്ജുകളുടെ വര്‍ധനവ് കണക്കിലെടുത്താണ് എടിഎം ഇടപാട് നിരക്കുകള്‍ ആര്‍ബിഐ വര്‍ദ്ധിപ്പിച്ചത്. ഇതിനായി ആര്‍ബിഐ 2019 ജൂണില്‍ പ്രത്യേക കമ്മിറ്റിയെ രൂപീകരിച്ചിരുന്നു.