തിരുവനന്തപുരം: 24 വര്‍ഷത്തെ സര്‍വ്വീസിന് വിരാമമിട്ട് നടന്‍ ജോബി കെ.എസ്.എഫ്.ഇയില്‍ നിന്ന് ഇന്ന് വിരമിക്കും. സിനിമയിലും സാമൂഹ്യപ്രവര്‍ത്തനത്തിലും കൂടുതല്‍ സജീവമാകാനാണ് ജോബിയുടെ പദ്ധതി.
തിരുവനന്തപുരം സ്റ്റാച്യുവിലെ കെഎസ്എഫ്ഇ അര്‍ബന്‍ റീജനല്‍ ഓഫിസില്‍ സീനിയര്‍ മാനേജര്‍ ചുമതലയില്‍ നിന്നാണ് വിരമിക്കുന്നത്.
സര്‍വ്വീസ് കാലത്തിന്റെ തലപ്പൊക്കവുമായി സീനിയര്‍ മാനേജര്‍ എന്ന ബോര്‍ഡ് ഇന്നുകൂടിയുണ്ടാവും. ജീവിതത്തിലൊരിക്കലും തന്റെ പൊക്കക്കുറവിനെ ഒരിളവായി ഒരിടത്തും ഉപയോഗിച്ചിട്ടില്ലെന്ന തലയെടുപ്പുമായാണ് ജോബി ഔദ്യോഗിക ജോലിയില്‍ നിന്നും പടിയിറങ്ങുന്നത്.
പഠനകാലത്തും ഓഫീസിലുമെല്ലാം ഒന്നിച്ചുണ്ടായിരുന്ന ഉറ്റ സുഹൃത്ത് ജയപ്രകാശും ജോബിക്കൊപ്പം പടിയിറങ്ങുന്നുണ്ട്. അങ്ങനെ, ഒറ്റക്കാല്‍ ആന്റിനകളിലൂടെ ടി.വിയില്‍ കണ്ടുതുടങ്ങി, ഇന്നും തന്നെ മനസ്സില്‍ സൂക്ഷിക്കുന്ന പ്രേക്ഷകര്‍ക്കിടയിലേക്ക് ജോബി തിരിച്ചെത്തുകയാണ്.
2018ല്‍ 'മണ്ണാങ്കട്ടയും കരിയിലയും' എന്ന ചിത്രത്തിലെ കഥാപാത്രത്തിന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ വേലക്കാരി ജാനുവെന്ന ചിത്രത്തില്‍ മുഖ്യവേഷത്തില്‍ ചെയ്യുന്നു. ഡിഫറന്റലി എബിള്‍ഡ് എംപ്ലോയീസ് അസോസിയേഷന്‍ (ഡിഎഇഎ), ലിറ്റില്‍ പീപ്പിള്‍ ഓഫ് കേരള എന്നിവയുടെ പ്രസിഡന്റാണ്.