പശ്ചിമബംഗാള്‍ വാണിജ്യ വ്യവസായ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി അറസ്റ്റില്‍. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ മന്ത്രിയുടെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. പിന്നാലെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്. പാര്‍ത്ഥ ചാറ്റര്‍ജിയുടെ അടുത്ത അനുയായിയായ അര്‍പ്പിത മുഖര്‍ജിയുടെ വീട്ടില്‍ നിന്നും 20 കോടി രൂപയുടെ നോട്ടുകള്‍ കണ്ടെത്തിയതിന് പിന്നാലെ മന്ത്രിയുടെ വീട്ടിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. പിന്നാലെ അദ്ദേഹത്തെ വീട്ടില്‍വെച്ച് ചോദ്യം ചെയ്യുകയും ചെയ്തു. 26 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്. അര്‍പിത മുഖര്‍ജിയേയും ഇഡി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വെള്ളിയാഴ്ച പാര്‍ത്ഥ ചാറ്റര്‍ജിയുടെ അടുത്ത അനുയായി അര്‍പിത മുഖര്‍ജിയുടെ വസതിയില്‍ നടത്തിയ പരിശോധനയില്‍ 20 കോടിയോളം രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തിരുന്നു. പശ്ചിമ ബംഗാള്‍ സ്‌കൂള്‍ സര്‍വീസ് കമ്മീഷന്‍, പശ്ചിമ ബംഗാള്‍ പ്രൈമറി എജ്യുക്കേഷന്‍ ബോര്‍ഡ് എന്നിവയിലെ റിക്രൂട്ട്‌മെന്റ് അഴിമതിയുമായി ബന്ധപ്പെട്ടായിരുന്നു ഇഡിയുടെ പരിശോധന. കണ്ടെടുത്ത തുക എസ്എസ് സി അഴിമതിയില്‍ നിന്നുള്ളതാകാമെന്നാണ് അന്വേഷണ ഏജന്‍സിയുടെ നിഗമനം. ഇതോടെയാണ് പാര്‍ത്ഥ ചാറ്റര്‍ജിയുടെ വസതിയിലും ഇഡി റെയ്ഡ് നടത്തിയത്. അര്‍പ്പിതയ്ക്ക് പിന്നില്‍ മന്ത്രിയാണെന്ന അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെയാണ് അറസ്റ്റ്.
എസ്എസ് സി അഴിമതിയെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് ഇഡി ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച രാവിലെ ചാറ്റര്‍ജിയുടെ വീട്ടിലെത്തി അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അനധികൃതമായി റിക്രൂട്ട്‌മെന്റ് നടത്തി കോടികള്‍ തട്ടിയെന്നതാണ് പശ്ചിമ ബംഗാള്‍ സ്‌കൂള്‍ സര്‍വീസ് കമ്മീഷന്‍ (എസ്എസ്സി) അഴിമതി കേസ്. എസ്എസ്സി അഴിമതി നടന്നതായി കരുതപ്പെടുന്ന സമയത്ത് നിലവില്‍ വ്യവസായ മന്ത്രിയായ പാര്‍ത്ഥ ചാറ്റര്‍ജി വിദ്യാഭ്യാസ മന്ത്രിയായിരുന്നു.