തൊടുപുഴ: ഹൈക്കോടതി വിധി ലംഘിച്ച് നടത്തുന്ന സിപിഎം ഓഫീസ് നിര്‍മാണ പ്രവര്‍ത്തികള്‍ നിര്‍ത്തി വെയ്ക്കാന്‍ റവന്യു വകുപ്പ് നോട്ടീസ് നല്‍കി. ഉടുമ്പന്‍ചോല എല്‍ ആര്‍ തഹസില്‍ദാര്‍ ആണ് നോട്ടീസ് നല്‍കിയത്. കോടതി ഉത്തരവിനെ തുടര്‍ന്ന് കളക്ടറുടെ നിര്‍ദേശ പ്രകാരമാണ് നടപടി. നോട്ടീസ് കിട്ടയതോടെ സിപിഎം പണികള്‍ നിര്‍ത്തിവെക്കുകയായിരുന്നു. സിപിഎം ഓഫീസ് നിര്‍മ്മാണം തുടര്‍ന്നതില്‍ കോടതി രോഷം പ്രകടിപ്പിച്ചിരുന്നു. ഇന്ന് വീണ്ടും കേസ് പരിഗണിക്കും. 12 മണിയ്ക്ക് ഹാജരാകാന്‍ സര്‍ക്കാര്‍ അഭിഭാഷകന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോടതി ഉത്തരവ് വന്നിട്ടും നിര്‍മ്മാണം തുടര്‍ന്നെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചിട്ടുണ്ട്.
ഹൈക്കോടതി ഉത്തരവ് ലംഘിച്ച് രാത്രിയിലാണ് സിപിഎം ഇടുക്കി ശാന്തന്‍പാറ ഓഫീസില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. പുലര്‍ച്ചെ നാലു മണി വരെ പണികള്‍ തുടര്‍ന്നിരുന്നു. രണ്ടാമത്തെ നിലയില്‍ ഓഫീസ് പ്രവര്‍ത്തനം തുടങ്ങുന്നതിനായി കതകുകളും ജനുലുകളും സ്ഥാപിച്ചിട്ടുണ്ട്. ഇരുപതോളം തൊഴിലാളികളെ എത്തിച്ചായിരുന്നു പണികള്‍ നടത്തിയത്. പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും സ്ഥലത്തുണ്ടായിരുന്നു. എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തികളില്‍ പ്രതികരണവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് രം?ഗത്തെത്തി. നിരോധന ഉത്തരവ് കയ്യില്‍ കിട്ടിയിട്ടില്ലെന്നും നിയമപരമായി നേരിടുമെന്നുമായിരുന്നു സിവി വര്‍?ഗീസിന്റെ പ്രതികരണം.
കോടതി ഉത്തരവോ പണി നിര്‍ത്തി വയ്ക്കാന്‍ കലക്ടറുടെ ഉത്തരവോ കയ്യില്‍ കിട്ടിയിട്ടില്ല. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് കോടതി ഉത്തരവ് വന്നിട്ടുള്ളത്. ഭൂ നിയമ ഭേദഗതി പ്രാബല്യത്തില്‍ വരുന്നതോടെ ഇത്തരം നിര്‍മാണങ്ങള്‍ എല്ലാം സാധൂകരിക്കപ്പെടും. റോഡ് വികസനത്തിന് ഓഫീസ് പൊളിച്ചു കൊടുത്തിട്ടുള്ള പാര്‍ട്ടിയാണ് സിപിഎം എന്നും സി വി വര്‍ഗീസ് പറഞ്ഞിരുന്നു. റവന്യൂ വകുപ്പിന്റെ എന്‍ഒസി ഇല്ലാത്തതിനാലാണ് ശാന്തന്‍പാറ, ബൈസണ്‍വാലി എന്നിവിടങ്ങളിലെ പാര്‍ട്ടി ഓഫീസിന്റെ നിര്‍മ്മാണം നിര്‍ത്തി വയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.