ഫെയ്‌സ്ബുക്കിലൂടെയുള്ള വിദ്വേഷപ്രചരണം ഇന്ത്യയില്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ട്


 

സി.എ.എ പ്രതിഷേധത്തിനും ലോക്ഡൗണിനും ശേഷം ഫെയ്‌സ്ബുക്കിലൂടെയുള്ള വിദ്വേഷപ്രചരണം ഇന്ത്യയില്‍ കുത്തനെ വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ട്. ഫെയ്‌സ്ബുക്കിന്റെ ഡാറ്റാ സയന്റിസ്റ്റുകളാണ് വിദ്വേഷ പ്രചരണത്തിന്റെ കണക്കുകള്‍ പുറത്തുവിട്ടത്. 2019 -2020 ല്‍, സി.എ.എ പ്രതിഷേധങ്ങളുടെ തുടക്കകാലത്തും ആദ്യ ലോക്ക്ഡൗണ്‍ കാലത്തുമാണ് വിദ്വേഷപ്രചരണം കുത്തനെ വര്‍ധിച്ചത്.
ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി എന്നീ മൂന്ന് ഭാഷകളില്‍ വിദ്വേഷ ഉള്ളടക്കങ്ങളുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ കുത്തനെ കൂടിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 2020 ന്റെ തുടക്കത്തില്‍, ഫെയ്‌സ്ബുക്ക് നടത്തിയ ഉള്ളടക്ക പരിശോധനകളില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിദ്വേഷ പ്രചരണം 300 ശതമാനം വര്‍ധിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

 
രാജ്യവ്യാപകമായി സി.എ.എ പ്രതിഷേധങ്ങള്‍ നടന്ന 2019 ഡിസംബറിലും, 2020 ജനുവരിയിലും കൊവിഡിനെ തുടര്‍ന്ന് ആദ്യലോക്ഡൗണ്‍ പ്രഖ്യാപിച്ച 2020 മാര്‍ച്ചിലുമാണ് വിദ്വേഷ പ്രചരണത്തില്‍ വലിയ വര്‍ധനയുണ്ടായിരിക്കുന്നത്.
ഏറ്റവും അപകടസാധ്യതയുള്ള രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ വിദ്വേഷ പ്രചരണത്തിന്റെ തോത് വര്‍ധിച്ചിട്ടുണ്ട്.2019 ഡിസംബര്‍, 2020 മാര്‍ച്ച്, 2020 മെയ് മാസങ്ങളിലും ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്ത വിദ്വേഷപ്രചരണ പോസ്റ്റുകളുടെ എണ്ണത്തിലും വലിയ വര്‍ധനവുണ്ടായതായി 'ദ വയര്‍' റിപ്പോര്‍ട്ട് ചെയ്യുന്നു.

 
2019 അവസാനത്തിലും മാര്‍ച്ച് അവസാനത്തിലും ഏപ്രില്‍ തുടക്കത്തിലെയും കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 80 ശതമാനത്തിലധികം വര്‍ധനവുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമീഷനില്‍ ഫെയ്‌സ്ബുക്ക് നടത്തിയ വെളിപ്പെടുത്തലുകളില്‍ നിന്നാണ് സ്ഥിതിവിവരക്കണക്കുകളും മറ്റും പുറത്തുവന്നത്.
സോഷ്യല്‍ മീഡിയകളായ ഫെയസ്ബുക്കും വാട്‌സാപ്പും രാജ്യത്ത് സംഘര്‍ഷത്തിന്റെ വേരുകള്‍ പടര്‍ത്തുന്നതില്‍ വഹിക്കുന്ന പങ്കിലേക്കാണ് കണക്കുകള്‍ വിരല്‍ ചൂണ്ടുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

 
ആളുകള്‍ക്ക് പൊതുവെ സുരക്ഷിതത്വമുണ്ടെന്ന് ബന്ധപ്പെട്ടര്‍ അവകാശപ്പെടുമ്പോഴും പ്രാദേശിക തലത്തിലുള്ള പ്രശ്‌നങ്ങളെ രാജ്യം മറച്ചുവെക്കുന്നതായും വെളിപ്പെടുത്തലില്‍ പറയുന്നു. ഇന്റേണല്‍ കമ്പനി റിപ്പോര്‍ട്ടുകളില്‍ ബ്രസീലടക്കമുള്ള രാജ്യങ്ങള്‍ക്കൊപ്പമാണ് ഇന്ത്യയെ ഫെയ്‌സ്ബുക്ക് പൊതുവെ പരാമര്‍ശിക്കുന്നത്.
ഇംഗ്ലീഷ്, ഹിന്ദി ഉള്ളടക്കങ്ങളിലായി 2019 ജൂണിനും 2020 ജൂണിനുമിടയിലാണ് വിദ്വേഷ  പോസ്റ്റുകള്‍ ഗണ്യമായി വര്‍ധിച്ചത്. 2020 ന്റെ തുടക്കത്തിലാണ് ബംഗാളി ഭാഷകളില്‍ വിദ്വേഷപോസ്റ്റുകള്‍ വ്യാപകമായി പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതെന്നും ഫെയ്‌സ്ബുക്ക് ചൂണ്ടിക്കാട്ടുന്നു. ഹിന്ദിയും ബംഗാളിയും ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ വിദ്വേഷ പ്രസംഗം കണ്ടെത്തുന്നതിന് സാങ്കേതികവിദ്യയില്‍ കാര്യമായ നിക്ഷേപം നടത്തിയതായി നേരത്തെ ഫെയ്‌സ്ബുക്ക് വെളിപ്പെടുത്തിയിരുന്നു.

 
അതിനെ തുടര്‍ന്ന് ഫെയ്‌സ്ബുക്കില്‍ വരുന്ന വിദ്വേഷ പോസ്റ്റുകളുടെ റീച്ച് പകുതിയായി കുറച്ചെന്നും അതിപ്പോള്‍ 0.05 ശതമാനമായി കുറഞ്ഞതായും ഫെയ്‌സ്ബുക്ക് പറയുന്നു. ഫെയ്‌സ്ബുക്ക് ഉപയോഗിച്ചുള്ള വിദ്വേഷ പ്രചരണങ്ങള്‍ക്ക് തടയിടാനുള്ള ശ്രമം ശക്തമാക്കിയതായി കമ്പനി വക്താവ് പറഞ്ഞു. ഫെയ്‌സ്ബുക്ക് നയങ്ങള്‍ പുതുക്കിക്കൊണ്ടിരിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media