വെള്ളിയാഴ്ച്ചയും നഷ്ടത്തില്‍ വിപണിയുടെ തുടക്കം.
രാവിലെ ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 111 പോയിന്റ് ഇടറി 47,969 എന്ന നിലയില്‍ വ്യപാരം നടക്കുന്നു (0.23 ശതമാനം തകര്‍ച്ച). എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 14,380 പോയിന്റ് നിലയില്‍ നിലനിൽക്കുന്നു. നിഫ്റ്റിയില്‍ പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് രാവിലെ കാര്യമായി മുന്നേറുന്നത്. പവര്‍ ഗ്രിഡ് ഓഹരികള്‍ 4 ശതമാനം വരെ ഉയര്‍ച്ച രേഖപ്പെടുത്തുന്നു.
ടാറ്റ സ്റ്റീല്‍, എസ്ബിഐ ലൈഫ്, ഡോക്ടര്‍ റെഡ്ഢീസ് ലബോറട്ടറീസ്, ഏഷ്യന്‍ പെയിന്റ്‌സ് ഓഹരികളും നേട്ടം കൊയ്യുന്നവരുടെ പട്ടികയില്‍ കയറിക്കൂടി. കാര്യമായ നഷ്ടം നേരിടുന്നവരുടെ പട്ടികയില്‍ വിപ്രോ, ഐസിഐസിഐ ബാങ്ക്, ബജാജ് ഫൈനാന്‍സ്, ഹീറോ മോട്ടോകോര്‍പ്പ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഹരികളെ ഇന്ന് കാണാം. വിശാല വിപണികളുടെ കാര്യമെടുത്താല്‍ ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.59 ശതമാനം നേട്ടത്തിലും ബിഎസ്ഇ സ്‌മോള്‍ക്യാപ് സൂചിക 0.72 ശതമാനം നേട്ടത്തിലും ഇടപാടുകള്‍ക്ക് തുടക്കമിട്ടു. വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള വില സൂചികകളില്‍ നിഫ്റ്റി മെറ്റല്‍, ഫാര്‍മ, മീഡിയ സൂചികകള്‍ മാത്രമാണ് നേട്ടത്തില്‍ വ്യാപാരം നടത്തുന്നത്. ഇവ 0.3 ശതമാനം മുതല്‍ 1 ശതമാനം വരെ മുന്നേറുന്നുണ്ട്. മറുഭാഗത്ത് നിഫ്റ്റി സാമ്പത്തികകാര്യ സൂചിക 0.7 ശതമാനം തകര്‍ച്ച നേരിടുന്നു.