കൊല്‍ക്കത്ത : ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ വ്യാപക സംഘര്‍ഷം. ബിജെപി, കോണ്‍ഗ്രസ്, സിപിഎം, തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന ആക്രമണങ്ങളില്‍ ഇതുവരെ എട്ട് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അഞ്ച് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഒരു സിപിഎം പ്രവര്‍ത്തകനും ഒരു ബിജെപി പ്രവര്‍ത്തകനുമാണ് കൊല്ലപ്പെട്ടത്.
കൂച്ച്ബീഹാറില്‍ പോളിംഗ് ബൂത്തില്‍ ആക്രമണമുണ്ടായി. അക്രമികള്‍ ബാലറ്റ് പേപ്പറുകള്‍ കത്തിച്ചതോടെ തെരഞ്ഞെടുപ്പ് തടസപ്പെട്ടു. മാള്‍ഡയിലെ മണിക്ക്‌ചെക്കില്‍ ക്രൂഡ് ബോംബ് ആക്രമണത്തില്‍ ഒരു തൃണമൂല്‍ പ്രവര്‍ത്തകന് പരിക്കേറ്റു. മുര്‍ഷിദാബാദില്‍ കോണ്‍ഗ്രസ്-തൃണമൂല്‍ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. റെജിനഗര്‍, തുഫംഗഞ്ച്, ഖാര്‍ഗ്രാം എന്നിവിടങ്ങളിലായി മൂന്ന് പേര്‍ കൊല്ലപ്പെട്ടെന്നും 2 പേര്‍ക്ക് വെടിയേറ്റെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആദ്യം ട്വീറ്റ് ചെയ്തു. പിന്നീടാണ് മരണ സംഖ്യ ഉയര്‍ന്നത്. കോണ്‍ഗ്രസ്, ബിജെപി, സിപിഎം പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിടുകയാണെന്നും സുരക്ഷയ്ക്ക് നിയോഗിച്ച കേന്ദ്ര സേന നിഷ്‌കൃയരാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.
അതിനിടെ, ആക്രമണങ്ങള്‍ തുടരുന്നതിനിടെ, അപ്രതീക്ഷിതമായി ബംഗാളില്‍ പോളിംഗ് ബൂത്തുകള്‍ ഗവര്‍ണര്‍ സന്ദര്‍ശിച്ചു. നോര്‍ത്ത് 24 പര്‍ഗാനാസിലെ ബസുദേബ്പൂരിലെ പോളിംഗ് ബൂത്തുകളിലേക്കാണ് സി.വി. ആനന്ദ ബോസെത്തിയത്. സിപിഎം പ്രവര്‍ത്തകര്‍ ഗവര്‍ണറെ നേരില്‍ കണ്ട് തെരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികള്‍ അറിയിച്ചു. സ്ഥിതി നീരീക്ഷിച്ചു വരികയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. ബുള്ളറ്റുകള്‍ കൊണ്ടല്ല ബാലറ്റ് കൊണ്ടാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. ജനങ്ങള്‍ വോട്ട് ചെയ്യാന്‍ എത്തണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.