തിരുവനന്തപുരം: സ്വര്‍ണക്കടത്തും ഹവാല പണമിടപാടും നടത്തുന്നത് രാജ്യദ്രോഹ പ്രവര്‍ത്തനത്തിനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദ ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം. അഞ്ച് വര്‍ഷത്തിനിടെ മലപ്പുറം ജില്ലയില്‍ നിന്ന് 150 കിലോഗ്രാം സ്വര്‍ണം പൊലീസ് പിടികൂടി. 123 കോടി രൂപയും പിടിച്ചു. ഇപ്പോള്‍ എഡിജിപിയുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍ സ്വര്‍ണക്കടത്ത് തടയുന്ന സര്‍ക്കാര്‍ പ്രവര്‍ത്തനം ഇല്ലാതാക്കാനും മതന്യൂനപക്ഷങ്ങളെ എല്‍ഡിഎഫില്‍ നിന്ന് അകറ്റാനും ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
എഡിജിപിയും ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച വിവാദത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. കാലാകാലങ്ങളായി മതന്യൂനപക്ഷങ്ങള്‍ യുഡിഎഫിന് ഒപ്പമായിരുന്നു. അവരിപ്പോള്‍ എല്‍ഡിഎഫിനൊപ്പമാണ്. എല്‍ഡിഎഫില്‍ നിന്ന് അവരെ അകറ്റുകയാണ് ലക്ഷ്യം. അന്‍വറിന്റെ ആരോപണങ്ങളില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വെച്ചാണ് അന്വേഷണം നടത്തുന്നത്.
സംസ്ഥാനത്ത് ബിജെപിയുടെ വോട്ട് വിഹിതം വര്‍ധിച്ചിട്ടുണ്ട്. അക്കാര്യം വിശദമായി തന്നെ പരിശോധിക്കുന്നുണ്ട്. തൃശ്ശൂരില്‍ ബിജെപി ജയിച്ചത് കോണ്‍ഗ്രസ് വോട്ട് ലഭിച്ചത് കൊണ്ടാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യാറുണ്ട്. അതാണ് തൃശ്ശൂരില്‍ സംഭവിച്ചത്. സിപിഎമ്മിന്റെ വോട്ട് ബിജെപിയിലേക്ക് പോയോ എന്ന കാര്യവും പരിശോധിക്കും. നേമത്ത് സംഭവിച്ചത് തന്നെ തൃശ്ശൂരിലും ആവര്‍ത്തിക്കും. ബിജെപി അടുത്ത തെരഞ്ഞെടുപ്പില്‍ അവിടെ പരാജയപ്പെടും. എന്നാല്‍ എല്ലാ മണ്ഡലങ്ങളിലും ബിജെപി വോട്ട് വിഹിതം വര്‍ധിക്കുന്നുണ്ട്.
പാര്‍ട്ടിയില്‍ പ്രായപരിധി മാനദണ്ഡം നടപ്പാക്കും. താന്‍ തുടരണോ വേണ്ടേ എന്ന കാര്യം പാര്‍ട്ടിയാണ് തീരുമാനിക്കുക, താനല്ല. താനെന്നും പാര്‍ട്ടിയുടെ വിശാല താത്പര്യത്തിന് ഒപ്പമായിരുന്നു. സിതാറാം യെച്ചൂരി രാഷ്ട്രീയ വിയോജിപ്പിക്കുകള്‍ നിലനിര്‍ത്തിക്കൊണ്ട് എല്ലാവരുമായും സൗഹൃദം നിലനിര്‍ത്തിയ നേതാവാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ മതേതര കക്ഷികള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം. ഇന്ത്യ മുന്നണിയിലെ കക്ഷികളുമായി സഹകരിച്ച് സിപിഎം മുന്നോട്ട് പോകും. എന്നാല്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ താത്പര്യ പ്രകാരം ഒരു നേതാവിനെ സിപിഎമ്മിന് തിരഞ്ഞെടുക്കാനാവില്ല. സിപിഎമ്മിന്റെ അടുത്ത ജനറല്‍ സെക്രട്ടറിയെ സീതാറാം യെച്ചൂരിയുമായി താരതമ്യം ചെയ്യേണ്ട കാര്യമില്ല. പാര്‍ട്ടിയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന മികച്ച നേതാവിനെ തന്നെ ജനറല്‍ സെക്രട്ടറി പദത്തിലേക്ക് പാര്‍ട്ടി കോണ്‍ഗ്രസില്‍ തിരഞ്ഞെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.