ദില്ലി: ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി പാകിസ്താനിലുടനീളം ഒരു ഡസനിലധികം സൈനിക താവളങ്ങളില്‍ ഇന്ത്യ നടത്തിയ ആക്രമണങ്ങളില്‍ പാകിസ്താന്‍ വ്യോമസേനയുടെ അടിസ്ഥാന സൗകര്യങ്ങളുടെ ഏകദേശം 20 ശതമാനവും നിരവധി പിഎഎഫ് യുദ്ധവിമാനങ്ങളും നശിപ്പിക്കപ്പെട്ടതായി
ഔദ്യോഗിക വൃത്തങ്ങള്‍. സൈനിക ജനവാസമേഖലകളിലും പാകിസ്താന്‍ നടത്തിയ ആക്രമണത്തിന് മറുപടിയായാണ് ഇന്ത്യ പ്രത്യാക്രമണം നടത്തിയത്. പിഎഎഫിന്റെ (പാകിസ്താന്‍ എയര്‍ ഫോഴ്സിന്റെ) എഫ്-16, ജെ.എഫ് -17 യുദ്ധവിമാനങ്ങള്‍ നിലയുറപ്പിച്ചിരുന്ന സര്‍ഗോധ, ബൊലാരി തുടങ്ങിയ
വ്യോമത്താവളങ്ങളെയും പ്രധാന വെടിമരുന്ന് ഡിപ്പോകളെയും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
സിന്ധിലെ ജംഷോറോ ജില്ലയിലെ ബൊലാരി വ്യോമതാവളത്തില്‍ നടന്ന ആക്രമണത്തില്‍ സ്‌ക്വാഡ്രണ്‍ ലീഡര്‍ ഉസ്മാന്‍ യൂസഫും നാല് വ്യോമസേനാംഗങ്ങളും ഉള്‍പ്പെടെ 50 ലധികം പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ നിരവധി പിഎഎഫ് യുദ്ധവിമാനങ്ങള്‍ നശിപ്പിക്കപ്പെട്ടതായി
വൃത്തങ്ങള്‍ അറിയിച്ചു. ചക്ലാലയിലെ നൂര്‍ ഖാന്‍, ഷൊര്‍ക്കോട്ടിലെ റഫീഖി, ചക്വാളിലെ മുരിദ്, സുക്കൂര്‍, സിയാല്‍കോട്ട്, പസ്രൂര്‍, ചുനിയന്‍, സര്‍ഗോധ,സ്‌കര്‍ദു, ഭോലാരി, ജേക്കബ്ബാദ് എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങളും വ്യോമത്താവളങ്ങളും ഇന്ത്യ ലക്ഷ്യമിട്ടു.
+