ഇന്ന് ഉച്ചയ്ക്ക് ശേഷം വ്യാപക മഴയ്ക്ക് സാധ്യത; ജാഗ്രത പാലിക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനമാകെ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. അതിതീവ്ര മഴ ദുരന്തം വിതച്ച കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും. ഉച്ചയ്ക്ക് ശേഷമാണ് മഴ ശക്തമാകാന്‍ സാധ്യത.
സംസ്ഥാനമൊട്ടാകെ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും വ്യാപകമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. മലയോര മേഖലകളില്‍ കൂടുതല്‍ മഴ പെയ്യും. 40 കി.മീ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കാം. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്. കഴിഞ്ഞ ദിവസങ്ങളില്‍ അതിതീവ്ര മഴ ലഭിച്ച പ്രദേശങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലിനും സാധ്യത കൂടുതലായതിനാല്‍ അതീവ ജാഗ്രത വേണം. ചൊവ്വാഴ്ച തുലാവര്‍ഷം എത്തുന്നതിന് മുന്നോടിയായി കിഴക്കന്‍ കാറ്റ് സജീവമായതും തെക്കന്‍ തമിഴ്‌നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പട്ടതുമാണ് മഴയ്ക്ക് കാരണം. രണ്ട് ദിവസത്തോളം ചക്രവാതച്ചുഴി നിലനിന്നേക്കാം. ഞായറാഴ്ച വരെ മഴ തുടര്‍ന്നേക്കാമെന്നാണ് മുന്നറിയിപ്പ്. ചൊവ്വാഴ്ചയോടെ തുലാവര്‍ഷ മഴയും പെയ്തു തുടങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്.
മുന്‍കരുതലിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ അട്ടപ്പാടി, നെല്ലിയാമ്പാതി പറമ്പികുളം എന്നിവടങ്ങളിലേക്കുള്ള രാത്രികാല സഞ്ചാരം ജില്ലാ ഭരണകൂടം നിരോധിച്ചിട്ടുണ്ട്. രാത്രി 7 മുതല്‍ രാവിലെ 6 വരെയാണ് നിരോധനം. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധനം തുടരുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.