വാട്‌സ്ആപ്പിന് ബദലായ സ്വദേശി ആപ്പ്;
'സന്ദേശ്' ടെസ്റ്റ് ചെയ്ത് ഉദ്യോഗസ്ഥര്‍
ദില്ലി: സന്ദേശ് എന്ന പേരിലാണ് പുതിയ ആപ്പ് പുറത്തിറക്കിയത്. വാട്‌സ്ആപ്പിന് ബദലായ മെസേജിങ് ആപ്ലിക്കേഷന്‍ വികസിപ്പിക്കുമെന്ന് കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. സന്ദേശം അയക്കുന്നതിന് സര്‍ക്കാര്‍ വികസിപ്പിച്ച പുതിയ സംവിധാനം ജിംസ് അഥവാ ഗവണ്‍മെന്റ് ഇന്‍സ്റ്റന്റ് മെസേജിങ് സിസ്റ്റം എന്നാണ് അറിയപ്പെടുന്നത്.
സന്ദേശ് പുറത്തിറങ്ങിയതായി ഔദ്യോഗിക ജിംസ് വെബ്സൈറ്റില്‍ gims.gov.in സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ മെസേജുകള്‍ അയയ്ക്കുന്നതിനായി ജിംസ് പ്ലാറ്റ്‌ഫോം ഉപയോഗിച്ച് തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. ജിംസിന്റെ വെബ്‌സൈറ്റില്‍ ആപ്പ് ഉപയോഗിക്കേണ്ട രീതി വിശദീകരിച്ചിട്ടുണ്ട്. നിലവില്‍ അംഗീകൃത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ ഇത് ബാധകമാകുകയുള്ളൂ. സുരക്ഷാ ഭീഷണിയുള്ള സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കുകളില്‍ നിന്ന് സര്‍ക്കാര്‍ ജീവനക്കാരെ സംരക്ഷിച്ച് നിര്‍ത്താനാണ് സര്‍ക്കാര്‍ പുതിയ മെസേജിങ് ആപ്പ് പുറത്തിറക്കിയത്.
ഐഒഎസ്, ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമുകളില്‍ സന്ദേശ് ആപ്ലിക്കേഷന്‍ ഉപയോഗിക്കാനാകും. മറ്റ് ചാറ്റിങ് അപ്ലിക്കേഷനുകളെ പോലെ വോയിസ് സന്ദേശങ്ങളും ഡാറ്റ സന്ദേശങ്ങളും സന്ദേശിലും ലഭ്യമാണ്. ഇലക്ട്രോണിക്സ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്റര്‍ (എന്‍ഐസി) ആണ് സന്ദേശ് ആപ്പിന്റെ ബാക്കെന്‍ഡ് കൈകാര്യം ചെയ്യുന്നത്. സര്‍ക്കാര്‍ ഐടി സേവനങ്ങളും ഡിജിറ്റല്‍ ഇന്ത്യയുടെ ചില സംരംഭങ്ങളും വിതരണം ചെയ്യുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത് എന്‍ഐസി ആണ്.